എനിക്ക് നല്‍കിയ ഉപദേശം സ്വയം പാലിക്കൂ, മോദിയോട് മന്‍മോഹന്‍ സിംഗ്
ഗൗരവകരമായ വിഷയങ്ങളില്‍ മോദി നിശബ്ദത പാലിക്കുന്നത് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന തെറ്റായ സന്ദേശം നല്‍കുമെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു
ന്യൂഡല്‍ഹി: കത്വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നപ്പോള്‍ മോദി നല്‍കിയ ഉപദേശങ്ങള്‍ സ്വയം പാലിക്കണമെന്നും കൂടുതല്‍ സംസാരിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കത്വ സംഭവത്തില്‍ പ്രധാനമന്ത്രി പരോക്ഷമായെങ്കിലും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടന്ന ഡോ. ബി. ആര്‍ അംബേദ്കര്‍ അനുസ്മര ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റം ചെയ്തവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. കത്വ സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം വ്യാപിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരോക്ഷ പ്രതികരണം.
ബിജെപിയുടെ 'മൗന്‍ മോഹന്‍ സിംഗ്' എന്നുള്ള പരിഹാസങ്ങളോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ തന്‍റെ ജീവിത കാലം മുഴുവനും ഇത്തരത്തിലുള്ള കമന്‍റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
ഗൗരവകരമായ വിഷയങ്ങളില്‍ മോദി നിശബ്ദത പാലിക്കുന്നത് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന തെറ്റായ സന്ദേശം നല്‍കുമെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. അധികാര സ്ഥാനത്തിരിക്കുന്നവര്‍ സമയാസമയങ്ങളില്‍ പ്രതികരിക്കുന്നതും സംസാരിക്കുന്നതും അവരെ പിന്തുടരുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.