നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങിയിരിക്കുകയാണ്. 25 നാൾ  നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോൺ പേടകം ഭൂമിയിൽ തിരിച്ചെത്തിയത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റ‍ർ അകലെ വരെ ചെന്നാണ് പേടകം തിരിച്ചെത്തുന്നത്. നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ  ഒറൈയോണിന്‍റെ പുനപ്രവേശം ഇത് വരെ പരീക്ഷിക്കാത്ത വിധത്തിലായിരുന്നു. സ്കിപ് എൻട്രി എന്നാണ് ഈ രീതിയുടെ പേര്. ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഒന്ന് തെറിച്ച് പുറത്തേക്ക്  പോയി വീണ്ടും പ്രവേശിക്കുന്നതാണ് രീതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കല്ലെടുത്ത് വെള്ളത്തിന് മുകളിലൂടെ എറിഞ്ഞ് ചാടിക്കുന്നത് പോലെയെന്ന് പറയാം. ഭൂമയിലേക്കുള്ള തിരിച്ചിറക്കം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ് ഈ പുതിയ രീതി. മണിക്കൂറില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റര്‍ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്സ്യൂള്‍ പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചതായി നാസ അറിയിച്ചു. മെക്സിക്കന്‍ ദ്വീപായ ഗ്വാഡലൂപ്പിലെ കടലില്‍ യു.എസ് നേവിയുടെ കപ്പല്‍ പേടകം വീണ്ടെടുക്കും.


നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോണ്‍. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയതോടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസക്ക് കടക്കാനാവും.  ചാന്ദ്രദൗത്യമെന്ന ആ വലിയ ലക്ഷ്യത്തിലേക്ക് വീണ്ടും കടക്കുകയാണ് ശാസ്ത്ര ലോകം. ആർടെമിസ് എന്നുപേരിട്ട ഈ ദൗത്യത്തിന്റെ ആദ്യ ചുവട് നാസ പിന്നിട്ടുകഴിഞ്ഞു. 2024ലാണ് ആർടെമിസിന്റെ രണ്ടാം ദൗത്യം എന്നാണ് നാസ പറയുന്നത്. നാലുപേരടങ്ങിയ യാത്രാസംഘമാവും ഈ യാത്രയിലുണ്ടാവുക. ചന്ദ്രന്റെ വിദൂരതയിലേക്ക് ഇവർ യാത്രചെയ്യും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്യുക എന്ന ലക്ഷ്യംകൂടി ഇവർക്കുമുന്നിലുണ്ട്. ഈ ദൗത്യത്തിൽ ആരും ചന്ദ്രനിൽ ഇറങ്ങില്ല.


2025ലാകും ആർടെമിസ് 3 ദൗത്യം. ഈ ദൗത്യത്തിലാകും വീണ്ടും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുക. ഓറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം അവിടെ ഭ്രമണം ചെയ്യും. തുടർന്ന് സ്പേസ് എക്സ് നിർമിച്ച ലാൻഡറിലായിരിക്കും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ യാത്രികർ ഇറങ്ങുക. ഒരാഴ്ചയോളം നീളുന്നതായിരിക്കും ഈ ദൗത്യമെന്ന് നാസ അറിയിക്കുന്നു. ആർടെമിസ് ഒന്നിലും രണ്ടിലും മൂന്നിലുമൊന്നും ദൗത്യം നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നുകൂടി നാസ അറിയിക്കുന്നുണ്ട്. ആദ്യത്തെ നാല് ദൗത്യങ്ങൾ ഭംഗിയായി കഴിഞ്ഞാൽ 10ലേറെ ദൗത്യങ്ങൾ ആർടെമിസിൽ ഉൾപ്പെടുത്താനാണ് നാസയുടെ പദ്ധതി.