ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായുള്ള യോഗ്യതാ പരീക്ഷ നടത്തിപ്പില്‍ അടിമുടി മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപരി പഠനത്തിനായുള്ള യോഗ്യത പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയേയും സര്‍ക്കാര്‍ നിയമിക്കും. ഇതുവരെ യുജിസിയും സിബിസിഇയുമായിരുന്നു ഇത്തരം പരീക്ഷ നടത്തിയിരുന്നത്. കൂടാതെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.



പുതിയ ഏജന്‍സിയുടെ ആദ്യവര്‍ഷ പ്രവര്‍ത്തനത്തിനു 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഏജന്‍സി പ്രവര്‍ത്തനത്തിനുള്ള പണം സ്വയം കണ്ടെത്തണം. പരീക്ഷകള്‍ പൂര്‍ണമായും തെരഞ്ഞെടുത്ത കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ വഴി നടത്താനാണ് തീരുമാനം. 


ബിരുദാനന്തര എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള ജെഇഇ, മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള നീറ്റ്, കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ നെറ്റ് എന്നിങ്ങനെയുള്ള എല്ലാ യോഗ്യത പരീക്ഷകള്‍ ഇനി മുതല്‍ നാഷണല്‍ ടെസ്റ്റ് ഏജന്‍സി നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.


അതുകൂടാതെ, ജെഇഇ, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെഇഇ ജനുവരിയിലും ഏപ്രിലിലും നീറ്റ് പരീക്ഷ ഫെബ്രുവരിയിലും മേയിലുമാണ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകാതിരിക്കാനാണ് ഈ പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.


യോഗ്യതാ പരീക്ഷകള്‍ നടത്താന്‍ സിബിഎസ്‌ഇയ്ക്ക് കഴിയില്ലെന്നും ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ കീഴില്‍ ഏജന്‍സി വേണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.