Navjot Singh Sidhu | പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരും; നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് സിദ്ദു
പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു വ്യാഴാഴ്ച പാർട്ടി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ന്യൂഡൽഹി: പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (Punjab PCC) അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ദു തുടരും. പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച സിദ്ദു വ്യാഴാഴ്ച പാർട്ടി ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് പിസിസി അധ്യക്ഷ (President) സ്ഥാനത്ത് തുടരാനുള്ള തീരുമാനം.
സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു തുടരുമെന്ന് ചർച്ചകൾക്ക് ശേഷം ഹരീഷ് റാവത്ത് വ്യക്തമാക്കി. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
"പഞ്ചാബിനെയും പഞ്ചാബ് കോൺഗ്രസിനെയും സംബന്ധിച്ച ആശങ്കകൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. അവർ എടുക്കുന്ന ഏത് തീരുമാനവും പഞ്ചാബിന്റെ താൽപ്പര്യത്തിന് അനുസൃതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തെ അംഗീകരിക്കുന്നു. "-സിദ്ദു വ്യക്തമാക്കി. സെപ്റ്റംബർ 28ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സിദ്ദു രാജിവച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രാജി പാർട്ടി അംഗീകരിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...