എം.ജെ അക്‌ബറിനെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് മേനക ഗാന്ധി
വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ആരോപണത്തില്‍ അന്വേഷണം ഉണ്ടാവണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ആരോപണത്തില്‍ അന്വേഷണം ഉണ്ടാവണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു.
എം.ജെ. അക്‌ബറിനെതിരെ ആരോപണം ഉയര്‍ന്നതിന്ശേഷം ഇതാദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം തീര്‍ച്ചയായും ഉണ്ടാവണം. അധികാരത്തില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലയിലും കമ്പനികളിലും ഇതുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നുണ്ട്. നാമത് ഗൗരവത്തില്‍ തന്നെ എടുക്കണം. മറ്റുള്ളവര്‍ എന്ത് കരുതും, സ്വഭാവശുദ്ധിയെ സംശയിക്കുമോ എന്നെല്ലാമുള്ള ഭയം കാരണമാണ് സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ പുറത്തു പറയാന്‍ മടിക്കുന്നത്. ഇപ്പോള്‍ പുറത്ത് വരുന്ന ഓരോ ആരോപണങ്ങളിലും നടപടി എടുക്കാന്‍ നാം തയ്യാറാവണമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ബിജെപി വക്താവ് സമ്പിത് മഹാപാത്ര ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. കൂടാതെ ബിജെപിയിലെ പ്രമുഖ വനിതാ ശബ്ദമായ സുഷമാ സ്വരാജും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1997ല്‍ നടന്ന സംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്‍റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. അന്ന് അവര്‍ക്ക് പ്രായം 23 വയസ്, അക്‌ബറിന് 43 വയസും. ഇക്കാര്യം താന്‍ 2017ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു.
ജോലിക്കുള്ള അഭിമുഖത്തിനായി യുവതികളെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വൈകുന്നേരങ്ങളില്‍ വിളിച്ചുവരുത്തുക, മദ്യലഹരിയില്‍ കടന്നുപിടിക്കുക, മന്ത്രിയുടെ ചെയ്തികള്‍ വിചിത്രമാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു എം.ജെ. അക്‌ബര്‍. ദ ടെലഗ്രാഫ്, ഏഷ്യൻ ഏജ് എന്നിവയുടെ സ്ഥാപകനാണ് അക്ബര്‍.
വര്‍ഷങ്ങളായി #Metoo വിലൂടെ പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിടേണ്ടിവന്ന ലൈംഗീകഅതിക്രമങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ബോളിവുഡ് നടി തനുശ്രീ ദത്ത പ്രശസ്ത നടന്‍ നാനാ പടേക്കറിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ #മീടൂ ക്യാമ്പയിനും കരുത്താര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കൊണ്ട് നിരവധി സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ ഇതിലൂടെ പങ്കുവച്ചത്.