കാഠ്മണ്ഡു: ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്ന നേപ്പാള്‍ മന്ത്രിസഭയുടെ തീരുമാനം നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്കോട്ടയാണ് പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.


2016 ല്‍ ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം പ്രഖ്യാപിച്ച പുതിയ കറന്‍സികളുടെ നേപ്പാളിലെ നിരോധനം ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ബാധിക്കും. ഇന്ത്യന്‍ രൂപ അത് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നേപ്പാള്‍. നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷം നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ തടസമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയും പുതിയ നിരോധനം ബാധിച്ചേക്കും.


അതേ സമയം 2020 ല്‍ വിസിറ്റ് നേപ്പാള്‍ വര്‍ഷം ആഘോഷിക്കാന്‍ നേപ്പാള്‍ വലിയ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഈ കാലയളവില്‍ ഏതാണ്ട് 20 ലക്ഷം ടൂറിസ്റ്റുകളെയാണ് നേപ്പാള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതിയും ഇന്ത്യയില്‍ നിന്നും ആയിരിക്കുമെന്നതിനാല്‍ പുതിയ തീരുമാനം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വാദമുണ്ട്.