New Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നു
ഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും.
ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ നിയമങ്ങൾ. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് ഇവ നിലവില്‍ വന്നിരിക്കുന്നത്. ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത, 2023 എന്നാകും അറിയപ്പെടുക. സി.ആർ.പി.സി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യം എന്ന പേരിലും അറിയപ്പെടും.
ഇതുവരെ ഡിജിറ്റല്‍ തെളിവുകള്‍ രണ്ടാംനിര തെളിവുകളായാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇനി മുതൽ ഇവ പ്രാഥമിക തെളിവുകളാവും. ഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും. വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനാണ് നിയമങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ നിയമപ്രകാരം വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും വേണം. പുതിയ നിയമങ്ങൾ പ്രകാരം അധികാരപരിധി പരിഗണിക്കാതെ ഏതൊരു വ്യക്തിക്കും ഏത് പോലീസ് സ്റ്റേഷനിലും സീറോ എഫ്ഐആർ ഫയൽ ചെയ്യാൻ സാധിക്കും. പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനും സമൻസുകൾ ഇലക്ട്രോണികായി സെർവ് ചെയ്യാനും കഴിയും.
Also Read: Water Tank Collapse: യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 13 പേർക്ക് പരിക്ക്
2023 ഓഗസ്റ്റ് 11-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ആദ്യ ബില്ലുകള്‍ അവതരിപ്പിച്ചത്. ഇത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy