ന്യൂഡല്‍ഹി:ലോക്ക്ഡൌണിനെ തുടര്‍ന്ന് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി റെയില്‍വേ ആരംഭിച്ച പ്രത്യേക ശ്രമിക് തീവണ്ടികള്‍ക്കുള്ള 
മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി നിശ്ചയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും കാല്‍നടയായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍,


കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണം എന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപെട്ടിട്ടുണ്ട്.


കേന്ദ്രസര്‍ക്കാര്‍ ഈ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും സംസ്ഥനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.


ട്രെയിന്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യം ആണെന്ന നേരെത്തെ ഉണ്ടായിരുന്ന നിര്‍ദേശം പുതിയ മാര്‍ഗ രേഖയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഏഴ് നിര്‍ദേശങ്ങളാണ് പുതുക്കിയ മാര്‍ഗരേഖയില്‍ ഉള്ളത്, യാത്രയ്ക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം 
എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു.


കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കാവൂ,എല്ലാ യാത്രക്കാരെയും പരിശോധിച്ചിട്ടുണ്ടെന്ന് സംസ്ഥാനങ്ങളും റെയില്‍വേയും ഉറപ്പ് വരുത്തണം.


റെയില്‍വേ സ്റ്റേഷനിലും യാത്രയിലും യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം എന്നും ഉത്തരവില്‍ ഉണ്ട്.


ടിക്കറ്റ് ബുക്കിങ്ങിലും തീവണ്ടിയുടെ സമയക്രമത്തിലും റെയില്‍വേ തീരുമാനം എടുക്കുമെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.


സംസ്ഥനങ്ങളുടെ ആവശ്യം അനുസരിച്ച് തീവണ്ടിയുടെ സ്റ്റോപ്പ്,എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍വേ തീരുമാനം എടുക്കും.
ഇക്കാര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അതാത് സംസ്ഥാനങ്ങളെ റെയില്‍വേ അറിയിക്കുകയും ചെയ്യും.