പുതിയ സുപ്രീ൦ കോടതി ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരദ് അരവിന്ദ് ബോബ്ഡെയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഒക്ടോബര്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചത്. 


മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമാണ് നാളെ. 2021 ഏപ്രില്‍ 23 വരെയായിരിക്കും ബോബ്‌ഡെയുടെ കാലാവധി. 


നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബോബ്‌ഡെ. അയോധ്യക്കേസ് വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.


ഇതിന് പുറമേ, ബിസിസിഐ കേസ്, പടക്കങ്ങൾക്കെതിരെയുള്ള ഹര്‍ജി തുടങ്ങിയ നിർണായക കേസുകള്‍ പരിഗണിച്ച ബെഞ്ചിൽ ബോബ്ഡെയും അംഗമായിരുന്നു. 


ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബോബ്‌ഡെയെ നിയമിക്കണമെന്ന് രഞ്ജന്‍ ഗൊഗോയി കേന്ദ്ര സര്‍ക്കാരിനയച്ച കത്തിൽ ശുപാര്‍ശ ചെയ്തിരുന്നു.


സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയിലെ മറ്റ് മുതിര്‍ന്ന മന്ത്രിമാരും സുപ്രീം കോടതിയിലെയും മറ്റ് ഹൈക്കോടതികളിലെയും നിരവധി മുതിര്‍ന്ന ജഡ്ജിമാരും പങ്കെടുക്കും. 


സുരക്ഷാ മുന്‍കരുതലുകളുടെ പശ്ചാലത്തില്‍ അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 1956 ഏപ്രിൽ 24 ന് മഹാരാഷ്ട്രയിലെ നാഗ്‍പൂരിലാണ് എസ് എ ബോബ്ഡെയുടെ ജനനം. 


നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്. 


കൂടാതെ, ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും. ലൈംഗികാരോപണ കേസില്‍ ജസ്റ്റിസ് ബോബ്ഡെ ഉള്‍പ്പെട്ട സമിതിയാണ് ഗൊഗോയിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.


നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് ബോബ്ഡെയുടെ പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു.