Republic Day Parade: ലേഡീസ് ഓണ്‍ലി! അടുത്തവര്‍ഷം റിപ്പബ്ലിക്ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകള്‍ മാത്രം
Only women will march in the Next year Republic Day parade: സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡില്‍ സ്ത്രീകള്‍ മാത്രമാണ് അണിനിരക്കുക. പരേഡില്‍ മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും. മറ്റ് മേഖലകളിലും സൈന്യത്തിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നീക്കത്തിന്റെ ഭാഗമായാണിത്.
സായുധ സേനകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടുണ്ട്. '2024 ലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിലെ സംഘങ്ങളില്‍ (മാര്‍ച്ചും ബാന്‍ഡും), നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകള്‍ മാത്രമേ പങ്കെടുക്കൂ എന്ന് തീരുമാനിച്ചു' - വകുപ്പുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തന്നെ റിപ്പബ്ലിക് ദിന പരേഡില്‍ പരേഡില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. പെണ്‍ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു ഈ വര്‍ഷത്തെ കേരളത്തിന്റെ നിശ്ചല ദൃശ്യം. 2015ലായിരുന്നു ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നത്. 2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി ശ്രദ്ധേയയായി. തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021-ല്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി. ഇത്തരത്തില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...