ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുള്ളതായി റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം നീരവ് മോദി തേടിയതായാണ് വിവരം. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും അഭയം നല്‍കണമെന്നുമാണ് നീരവ് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റവാളിയെ കൈമാറാന്‍ ബ്രിട്ടനോട് ആവശ്യപ്പെടും മുമ്പ് നിയമ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളെ കാണാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ, വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ശ്രമിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല. ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിട്ടത്. 


നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരേയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.


പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നീരവ് മോദിയും  ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്സിയും രാജ്യം വിട്ടിരുന്നു.