ബീഹാറിന്റെ അമരക്കാരനായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഇത് തുടർച്ചയായ നാലാം തവണയാണ് നിതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നത്.
പട്ന: ബീഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഇത് തുടർച്ചയായ നാലാം തവണയാണ് നിതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നത്. വൈകുന്നേരം നാലരയോടെ പട്ന രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞയിൽ അമിത് ഷാ അടക്കം പങ്കെടുത്തിരുന്നു.
ബിജെപി നേതാക്കളായ തർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാക്കളായ വിജയ് കുമാർ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി , മേവ ലാൽ ചൗധരി എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇവർക്ക് പുറമേ ബിജെപി നേതാക്കളായ മംഗൾ പാണ്ഡെ, അമരേന്ദ്ര പ്രതാപ് സിംഗ്, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, വികാസ് ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരും പങ്കെടുത്തു. ചടങ്ങുകൾ പൂർണ്ണമായും കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. 74 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ 43 സീറ്റുകളാണ് JDU നേടിയത്.