Chennai: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം  ചുഴലിക്കാറ്റായി മാറി. "നിവാര്‍" (Nivar) എന്ന് പേരിട്ടിരിയ്ക്കുന്ന ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ തീരും തൊടും.


COMMERCIAL BREAK
SCROLL TO CONTINUE READING

'നിവാര്‍' തമിഴ്‌നാട് (Tamil Nadu) തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരംതൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര൦  നല്‍കുന്ന മുന്നറിയിപ്പ്.   തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്.  


ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  പുതുച്ചേരിയില്‍   നിരോധനാജ്ഞ  പുറപ്പെടുവിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 'നിവാര്‍'  തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.  മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് നിവാര്‍ തീരംതൊടുക.


കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്.
സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 


തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  


തീരദേശ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി (Edappadi Palaniswami) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദശമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  


ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ജാഗ്രത നിര്‍ദേശമുള്ള 11 ജില്ലകളിലെ ബസ് സര്‍വീസ് റദ്ദാക്കി. വിവിധ ട്രെയിന്‍ സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. വിവിധ തീരദേശ മേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുന്ന നടപടിയും  ആരംഭിച്ചു.


രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 30 ടീമിനെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലുമായി വ്യന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 


Also read: കോവിഡ്‌ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം


മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയില്‍ ബുധനാഴ്ച വൈകിട്ടോടെ  നിവാര്‍ കരയില്‍ കടക്കുമെന്നാണു മുന്നറിയിപ്പ്.  കരയില്‍ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയില്‍ തൊടുമ്പോള്‍ കാറ്റിന്‍റെ വേഗം. ചിലയിടങ്ങളില്‍ ഇതു 120 കി.മീ.വരെയാകാം. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.