ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. ടിഡിപിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ്. ആന്ധ്രപ്രദേശ്​ വിഷയത്തില്‍ ഊന്നിയായിരുന്നു ജയദേവ്​ ഗല്ലയുടെ പ്രസംഗം


അതേസമയം ബിജു ജനതാദള്‍ (ബിജെഡി) അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതുകൂടാതെ, 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ച ശേഷമാണ് ശിവസേനയുടെ ഈ മലക്കം മറിച്ചില്‍. 


നിലവില്‍, ഇപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം 296 ആണ്. അതായത്, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. 


മോദി സര്‍ക്കാരിനെ ഇളക്കാന്‍ കഴിയില്ല, എങ്കിലും സംവാദത്തില്‍ സര്‍ക്കാരിന്‍റെ മുഖം തുറന്നുകാട്ടാനാകും ഇനി പ്രതിപക്ഷത്തിന്‍റെ ശ്രമം. 


നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ ലോക്‌സഭ പരിഗണിക്കുന്നത്. വോട്ടെടുപ്പ് വൈകുന്നേരം ആറു മണിക്ക് നടക്കും.