മണിപ്പൂരിൽ യാതൊരു പ്രതിസന്ധിയുമില്ല, എല്ലാം വെറും സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ ....!! റാം മാധവ്
ന്യൂഡല്‍ഹി: മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമായി. ഇടഞ്ഞു നിന്നിരുന്ന എന്‍പിപി എംഎല്‍എമാര്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കുന്നത് തുടരും...
എന്‍പിപി എംഎല്‍എമാര്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും നടത്തിയ ചര്‍ച്ചയാണ് സര്‍ക്കാരിന് തുണയായത്. സര്‍ക്കാരിന് പിന്തുണ തുടരുമെന്ന് എംഎല്‍എമാര്‍ അറിയിച്ചതായി അസം മന്ത്രിയും പ്രശ്‌നപരിഹാരത്തിന് ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച വ്യക്തിയുമായ ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു.
എന്നാല്‍, മണിപ്പൂരില്‍ യാതൊരു ഭരണ പ്രതിസന്ധിയുമില്ല എന്നും എല്ലാം വെറും സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ മാത്രമായിരുന്നുവെന്നുമാണ് ബിജെപി ജനറല്‍സെക്രട്ടറി റാം മാധവ് പറയുന്നത്. മണിപ്പൂര്‍ സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച, 4 എൻപിപി അംഗങ്ങൾ ഉൾപ്പെടെ 9 എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് മണിപ്പുരിലെ എൻ. ബിരേൻ സിംഗ് സർക്കാർ പ്രതിന്ധിയിലായത്. ഉപമുഖ്യമന്ത്രിയായിരുന്ന എൻപിപിയുടെ ജോയ് കുമാറിന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി എടുത്തു മാറ്റിയതിനെത്തുടർന്നുള്ള തർക്കങ്ങളാണ് പിന്തുണ പിൻവലിക്കലിലെത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും വിമതര്‍ ഉന്നയിച്ചിരുന്നു.
സംസ്ഥാനത്തെ ഏറ്റവു൦ വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മാറ്റി ബിജെപിയെ അധികാരത്തിലെത്താന്‍ മണിപ്പൂരില്‍ സഹായിച്ചത് എന്‍പിപിയായിരുന്നു. എന്‍പിപിയുടെ നാല് എംഎല്‍എമാര്‍ 2017ല്‍ ബിജെപിയെ പിന്തുണച്ചു. ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് തര്‍ക്കം രൂക്ഷമായതും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതും.
എന്നാല്‍, ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ "സമയോചിതമായ" ഇടപെടല്‍ സര്‍ക്കാരിന് തുണയായി....