ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്നവ്യാപാരി നീരവ് മോദിക്കും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോക്സിക്കുമെതിരെ ജാമ്യമില്ല വാരണ്ട്. മുംബൈ സിബിഐ കോടതിയാണ് ഇവര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് ഇറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നീരവ് മോദിയും മെഹുൽ ചോക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ജാമ്യച്ചീട്ട് ഉപയോഗിച്ച് 12,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായാണ് കേസ്. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍പെ തന്നെ നീരവ് മോദിയും മെഹുല്‍ ചോക്സിയും വിദേശത്തേക്ക് കടന്നു. അതിനിടെ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 


ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്നോട്ടു പോകുകയാണ്. ഒന്നിലധികം ഏജന്‍സികള്‍ ഇരുവരും ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് കേസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍, വിദേശത്തുള്ള ഇവരെ കണ്ടെത്താനോ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ വിദേശകാര്യ മന്ത്രാലയം കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആരോപണം.