ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ നാലിടത്തും ബിജെപി ആണ് അധികാരത്തിലെത്തിയത്. ​ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ അവർക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും ലഭിച്ചു. എന്നാൽ നിലവിലെ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും താത്പര്യമില്ലാത്തവരും ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. അവർ തങ്ങളുടെ വോട്ടവകാശം 'നോട്ട'
യിൽ ആണ് വിനിയോ​ഗിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ ലഭ്യമായ കണക്കുകൾ പ്രകാരം അഞ്ച് സംസ്ഥാനങ്ങളിലായി എട്ട് ലക്ഷത്തോളം വോട്ടർമാർ ആണ് നോട്ടയ്ക്ക് വോട്ട് ചെയ്തത്. മണിപ്പൂരിൽ,  10,349 പേർ നോട്ടയ്ക്ക് വോട്ട് ചെയ്തു. മൊത്തം പോളിങ് ശതമാനത്തിന്റെ 0.6 ശതമാനം വരും ഇത്. അതുപോലെ ഗോവയിൽ 10,629 വോട്ടർമാരും (1.1 ശതമാനം) നോട്ട ഓപ്ഷൻ ഉപയോഗിച്ചു.  403 നിയമസഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ  ആറ് ലക്ഷത്തിലധികം പേരാണ് നോട്ട എന്ന സാധ്യത ഉപയോ​ഗിച്ചത്. കൃത്യമായി പറഞ്ഞാൽ 6,21,186 വോട്ടർമാർ. മൊച്ചം പോൾ ചെയ്ത വോട്ടിന്റെ  0.7 ശതമാനം വരും ഇത്. ഉത്തരാഖണ്ഡിൽ  46,830 പേരാണ് നോട്ട തിരഞ്ഞെടുത്തത്.  0.9 ശതമാനം ആണിത്. ആം ആദ്മി പാർട്ടി വലിയ വിജയം നേടിയ പഞ്ചാബിൽ 1,10,308 വോട്ടർമാരാണ് ഒരു സ്ഥാനാർത്ഥിയേയും തിരഞ്ഞെടുക്കാൻ താത്പര്യപ്പെടാതെ നോട്ട തിരഞ്ഞെടുത്തത്. പോൾ ചെയ്ത വോട്ടിന്റെ 0.9 ശതമാനം ആണിത്.


അഞ്ച് സംസ്ഥാനങ്ങളിലേയും നോട്ട വോട്ടുകൾ കൂട്ടിയാൽ അത്  ഇത്രയും വരും- 7,99,302. ഉത്തർ പ്രദേശിൽ നോട്ടയേക്കാൾ കുറവ് വോട്ട് വിഹിതം കിട്ടിയ രാഷ്ട്രീയ പാർട്ടികളിൽ ആം ആദ്മി പാർട്ടിയും ജെഡിയുവും സിപിഎമ്മും സിപിഐയും എൻസിപിയും എല്ലാം ഉൾപ്പെടുന്നുണ്ട്.  ശിവസേനയ്ക്ക് ​ഗോവയിലും മണിപ്പൂരിലും ഉത്തർ പ്രദേശിലും നോട്ടയേക്കാൾ കുറവാണ് വോട്ട് വിഹിതം. 


2013 ൽ ആയിരുന്നു വോട്ടിങ് മെഷീനിൽ നോട്ട കൂടി ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്. 2014 ലെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് രാജ്യത്ത് നോട്ട ഏർപ്പെടുത്തത്. എന്തായാലും ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, ഇന്തോനേഷ്യ,  സ്പെയ്ൻ, ​ഗ്രീസ്, യുക്രൈൻ, റഷ്യ, ബം​ഗ്ലാദേശ് തുടങ്ങിയ 13 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഈ സംവിധാനം നിലവിലുണ്ട്.