കാഠ്മണ്ഡു: ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു പക്ഷത്തേയും അനുകൂലിക്കില്ലെന്ന് നേപ്പാള്‍ ഡപ്യൂട്ടി പ്രധാന മന്ത്രി കൃഷ്ണ ബഹദൂര്‍ മഹാര വ്യക്തമാക്കി. തങ്ങളെ ഈ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് അവര്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയും ചൈനയും സിക്കിം പ്രശ്‌നത്തില്‍ സമാധാനപരമായ നയതന്ത്ര ബന്ധം പാലിക്കണമെന്നും വിദേശ മന്ത്രാലയത്തിന്‍റെ ചുമതല കൂടിയുള്ള മഹാര പറഞ്ഞു.


നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബ ആഗസ്റ്റ് 23 മുതല്‍ 27 വരെ ഇന്ത്യയില്‍ പര്യടനം നടത്താനിരിക്കെയാണ് മഹാര ഇങ്ങനൊരു നിലപാട് അറിയിച്ചിരിക്കുന്നത്. പക്ഷെ, സന്ദര്‍ശനത്തിന്‍റെ വിവരങ്ങളൊന്നും തീരുമാനമായിട്ടില്ല എന്നാണ് മഹാര പറഞ്ഞത്.  ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് ആഗസ്റ്റ് 14ന് നേപ്പാള്‍ സന്ദര്‍ശിക്കും. എന്നാല്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇതുമായി ബന്ധമൊന്നുമില്ലെന്നും മഹാര കൂട്ടിച്ചേര്‍ത്തു.


ജൂണ്‍ 16-ന് ആണ് ദോക്‌ലാം മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടഞ്ഞത്.  അതിനുശേഷം രണ്ടു രാജ്യത്തെയും സൈന്യം ഡോക് ലാമില്‍ നിലയുറപ്പിച്ചിരിക്കുകയുമാണ്.  ഡോക് ലാം പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യം ചൈന ഉന്നയിക്കുകയും എന്നാല്‍ പിന്‍വലിക്കുകയാണെങ്കില്‍ ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു. അത് അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ നിലപാട്.