രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിൽ ഒമിക്രോൺ, ആകെ രോഗികളുടെ എണ്ണം 70 കടന്നു, നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് സംസ്ഥാനങ്ങൾ
Tamil Nadu, Telangana, West Bengal സംസ്ഥാനങ്ങളിൽ കൂടി ബുധനാഴ്ച ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ഒമിക്രോൺ ഭീതിയുടെ നിഴലിലായിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ബുധനാഴ്ച ആദ്യത്തെ ഒമിക്രോൺ കേസുകൾ (Omicron Cases) റിപ്പോർട്ട് ചെയ്തു. Tamil Nadu, Telangana, West Bengal എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ഒമിക്രോൺ ഭീതിയുടെ നിഴലിലായിട്ടുണ്ട്.
അതിനിടെ, ഇന്നലെ കേരളത്തിലും മഹാരാഷ്ട്രയിലും നാല് പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിരോധ നടപടികളുടെ ഭാഗമായി നിരവധി സംസ്ഥാനങ്ങളും നഗരങ്ങളും പുതുവത്സരം വരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സാമൂഹിക ഒത്തുചേരലുകൾ നിരോധിക്കുകയും ചെയ്തു. പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 70 കവിഞ്ഞു.
Also Read: Omicron: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
ഡിസംബർ 12 ന് ഹൈദരാബാദിൽ വന്നിറങ്ങിയ കെനിയയിൽ നിന്നുള്ള 24 കാരിക്കും സൊമാലിയയിൽ നിന്നുള്ള 23 കാരനുമാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് തെലങ്കാനയിലെ ഒരു ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നല്ല അവർ വന്നതെങ്കിലും പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി അവരുടെ സാമ്പിളുകൾ ശേഖരിക്കുകയും ജീനോം സീക്വൻസിംഗിനായി അയയ്ക്കുകയുമായിരുന്നു. അതേസമയം അടുത്തിടെ അബുദാബിയിൽ നിന്ന് ഹൈദരാബാദ് വഴി മടങ്ങിയെത്തിയ മുർഷിദാബാദുകാരനായ ഏഴ് വയസുകാരനാണ് ബംഗാളിൽ രോഗം സ്ഥിരീകരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നൈജീരിയയിൽ നിന്ന് എത്തിയ 47 കാരനാണ് തമിഴ്നാട്ടിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. കുടുംബാംഗങ്ങളിലെ 6 പേരും ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ 10 നാണ് ഇവർ നൈജീരിയയിൽ നിന്ന് ദോഹ വഴി എത്തിയത്.
മഹാരാഷ്ട്രയിൽ നാല് പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 32കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജസ്ഥാനിൽ 17, കർണാടക (3), ഗുജറാത്ത് (4), കേരളം (5), തെലങ്കാന (2), പശ്ചിമ ബംഗാൾ (1), ആന്ധ്രാപ്രദേശ് (1), ഡൽഹി (6), ചണ്ഡീഗഡ് (1) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: Omicron: ഒമിക്രോണിന്‍റെ ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത്
Omicron വേരിയന്റ് ലോകമെമ്പാടും അതിവേഗം പടരുകയാണ്, അടുത്ത വർഷം ജനുവരിയിൽ മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം വലിയ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒമിക്രോൺ കേസുകൾ കണ്ടെത്തുമെന്ന് മുംബൈയിൽ നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പ്രദീപ് വ്യാസ് പറഞ്ഞു.
കേരളത്തിൽ നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ബുധനാഴ്ച രാത്രി അറിയിച്ചു. നാല് കേസുകളിൽ രണ്ടെണ്ണം ആദ്യം രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും, ഭാര്യയുടെ മാതാവുമാണ്.
മുംബൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 16 മുതൽ ഡിസംബർ 31 വരെ നഗരത്തിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തുമെന്ന് മുംബൈ പോലീസ് അറിയിച്ചു. കോവിഡ് വ്യാപനം തടയാൻ വലിയ ഒത്തുകൂടലുകൾ ഒഴിവാക്കും. 50 ശതമാനം ആളുകൾക്ക് മാത്രമേ ഏത് പരിപാടിയിലും പങ്കെടുക്കാൻ അനുവാദമുള്ളൂ. പ്രോഗ്രാമുകളുടെ സംഘാടകർ പൂർണ്ണമായി വാക്സിനേഷൻ എടുക്കണമെന്നും പോലീസ് പറഞ്ഞു. അഞ്ചോ അതിലധികമോ ആളുകൾ ഒരു സ്ഥലത്ത് ഒത്തുകൂടുന്നതും മറ്റ് കാര്യങ്ങൾക്കൊപ്പം പൊതുയോഗങ്ങൾ നടത്തുന്നതും നിരോധിച്ചിരിക്കുന്നു.
ഡൽഹിയിൽ പുതിയ നിയന്ത്രണങ്ങൾ: ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) ബുധനാഴ്ച കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 അർദ്ധരാത്രി വരെ നീട്ടി. സാമൂഹികവും സാംസ്കാരികവുമായ ഒത്തുചേരലുകൾ നിരോധിക്കുക, ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാനുള്ള പരിധി എന്നിവ നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു. ഡൽഹിയിൽ നിലവിൽ അനുവദനീയവും നിയന്ത്രിതവുമായ പ്രവർത്തനങ്ങൾ ഡിസംബർ 31-നും ജനുവരി 1-നും ഇടയ്ക്കുള്ള രാത്രി വരെ തുടരുമെന്ന് ഡിഡിഎംഎ ഉത്തരവിൽ അറിയിച്ചു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ പേരും എണ്ണവും -
മഹാരാഷ്ട്ര - 32
രാജസ്ഥാൻ - 17
ഗുജറാത്ത് - 4
കർണാടക - 3
കേരളം -5
ആന്ധ്രാപ്രദേശ് -1
തെലങ്കാന -2
പശ്ചിമ ബംഗാൾ -1
ചണ്ഡീഗഡ് -1
തമിഴ്‌നാട് -1
ഡൽഹി - 6
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...