ന്യൂഡല്‍ഹി: ഡല്‍ഹി ബുരാഡിയില്‍ കൂട്ട ആത്മഹത്യ ചെയ്ത ഭാട്ട്യ കുടുംബത്തിലെ ഒരാള്‍ അവസാന നിമിഷം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നന്നതായി പോലീസിന് സംശയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ ഒന്നിന് വീട്ടിലെ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഭാവ്‌നേഷ് ഭാട്ടിയ ആണ് അവസാന നിമിഷം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായി പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല.


മരിച്ച എട്ടുപേര്‍ക്കൊപ്പം വീട്ടിലെ മേല്‍ക്കൂരയിലെ വെന്റിലേറ്റര്‍ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഭാവ്‌നേഷ് ഭാട്ടിയയേയും കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇയാളുടെ ഒരു കൈ വായുവില്‍ കഴുത്തിനടുത്തായിട്ടായിരുന്നു. പോലീസിന് സംശയം തോന്നാനുള്ള കാരണവും ഇതാണ്.


ഭാവ്‌നേഷ് കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ഇയാളുടെ കൈയിലെ കുരുക്ക് അയഞ്ഞ നിലയിലായിരുന്നതും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണ് ഇതെന്നുമായിരുന്നു ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം.


കൊല്ലപ്പെട്ട 11 പേരില്‍ 10 പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തു നിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു.


എന്നാല്‍ മറ്റു മൃതദേഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭാവ്‌നേഷിന്‍റെ വായില്‍ ഒട്ടിച്ച ടേപ്പ് പകുതിയോളം ഊരിക്കളഞ്ഞ നിലയിലായിരുന്നു. ഇത് ഇയാള്‍ അപകടം മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമച്ചതിനു തെളിവാണ്. മാത്രമല്ല ഇയാളുടെ കാലുകള്‍ നിലത്തു മുട്ടിയിരുന്നു. കഴുത്തില്‍ കരുക്ക് മുറുകിയപ്പോള്‍ രക്ഷപ്പെടാനായി ഇയാള്‍ നിലത്തു നില്‍ക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായിരിക്കാം ഇതെന്നാണ് ഫോറന്‍സിക് നിഗമനം.


ബന്ധുക്കളും അയല്‍ക്കാരും കുടുംബ സുഹൃത്തുക്കളും അടക്കം ഏകദേശം 130 പേരെ അന്വേഷണ സംഘം ഇതുവരെ ചേദ്യം ചെയ്തിട്ടുണ്ട്. പുറത്തുനിന്നുള്ള ആരുടെയെങ്കിലും സ്വാധീനം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. മാത്രമല്ല കുടുംബത്തില്‍ ആത്മാവിനെ സ്വതന്ത്രമാക്കുന്ന ചടങ്ങുകള്‍ നടന്നിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ലളിത് ഭാട്ടിയ കഴിഞ്ഞ 11 വര്‍ഷമായി എഴുതിയിരുന്ന ഡയറിയില്‍നിന്നാണു നിര്‍ണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നത്.