ഓണ വിപണി ഉണര്‍ന്നു, തക്കാളിയ്ക്കു പിന്നാലെ സവോള വിലയും കുതിക്കുന്നു
പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിനില്ക്കുന്ന ഒരു സമയമാണ് ഇത്. അതിശയിപ്പിക്കും വിധം തക്കാളി വില കുതിക്കുകയാണ്. കൂടെ ആഘോഷങ്ങളുമെത്തിയപ്പോള് പച്ചക്കറി വിലയിലും ആഘോഷമായി.
ന്യൂഡൽഹി: പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിനില്ക്കുന്ന ഒരു സമയമാണ് ഇത്. അതിശയിപ്പിക്കും വിധം തക്കാളി വില കുതിക്കുകയാണ്. കൂടെ ആഘോഷങ്ങളുമെത്തിയപ്പോള് പച്ചക്കറി വിലയിലും ആഘോഷമായി.
മോശം കാലാവസ്ഥ ഒരു കാരണമാക്കി പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്കു പിന്നാലെ സവാള വിലയും രാജ്യത്താകമാനം വര്‍ദ്ധിച്ചു വരികയാണ്. ഉത്തരേന്ത്യയിൽ മഴ കനത്തതിന്റെ മറവിലാണ് വൻകിട കച്ചവടക്കാരും ഇടനിലക്കാരും ചേർന്ന് സവാള വില കൂട്ടുന്നത്. മഹാരാഷ്ട്രയിലെ വൻകിട കർഷകർ സവാള വിറ്റഴിക്കാതെ സ്റ്റോക്ക് ചെയ്യുന്നതും വിപണി ലഭ്യത കുറച്ചിട്ടുണ്ട്.
വിലക്കയറ്റം പിടിച്ചുനിർത്താൻ ഈജിപ്തിൽ നിന്ന് 2,400 ടണ്‍ സവാള സ്വകാര്യ ഏജൻസികൾ ഇറക്കുമതി ചെയ്തു. 9,000 ടണ്‍ കൂടി ഉടനെ വീണ്ടും ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിക്കഴിഞ്ഞു. വിപണിയിൽ കിലോഗ്രാമിന് 20-28 രൂപയുണ്ടായിരുന്ന സവാളയുടെ ചില്ലറ വിൽപ്പന വില പെട്ടെന്ന് 40-50 രൂപയായി കൂടി. ഇതേത്തുടർന്നാണ് ഇറക്കുമതി.
മഹാരാഷ്ട്രയിലെ മൊത്തവിപണിയിൽ കിലോയ്ക്ക് 12.70 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കകം 23 രൂപയായാണ് കൂടിയത്. ഫെബ്രുവരിയിൽ ശരാശരി 10 രൂപയായിരുന്ന സവാള മൊത്തവില കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിൽ കിലോയ്ക്ക് 4.50-5-50 രൂപ വരെയായി താഴ്ന്നിരുന്നു.
മുൻ വർഷങ്ങളിലേതു പോലെ ഇടനിലക്കാരും റിലയൻസ്, മോർ, ബിഗ് ബസാർ തുടങ്ങിയ വൻകിടവ്യാപാര ശ്രംഖലളും സവാള സംഭരിച്ച് പൂഴ്ത്തിവയ്പ് തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. സ്വകാര്യ വ്യാപാരികൾ വഴിയാണ് ഈജിപ്തിൽ നിന്ന് സവാള ഇറക്കുമതി ചെയ്തതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഇറക്കുമതി ചെയ്യും. നബാർഡ് അടക്കമുള്ള പൊതുവ്യാപാര ഏജൻസികൾ വഴി ഇതുവരെ ഇറക്കുമതി വേണ്ടിവന്നിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.