മുംബൈ: പാന്‍കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി വെറും മൂന്നു ദിവസം മാത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി സെപ്റ്റംബര്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ബജറ്റില്‍ വരുത്തിയ നിയമഭേദഗതി അനുസരിച്ച് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകും.


അങ്ങനെ പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്ത്‌ നടപടിയെടുക്കണമെന്ന കാര്യത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ലയെങ്കിലും സെപ്റ്റംബര്‍ 30 കഴിഞ്ഞാല്‍ പാന്‍നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയാതെവരും. 


അതേസമയം ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പാന്‍ നമ്പര്‍ നല്‍കുമെന്ന് ബജറ്റ് അവതരണ സമയത്ത് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.


പാന്‍ കാര്‍ഡുള്ള ഓരോ വ്യക്തിയും ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് മാര്‍ച്ച് 31 ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. 


നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കും. ഒരുപക്ഷെ ഇനിയും ബന്ധിപ്പിച്ചിട്ടില്ലയെങ്കില്‍ 'www.incometaxindiaefiling.gov.in' എന്ന പോര്‍ട്ടലിലൂടെ ഇതു ചെയ്യാനാവും.