ചണ്ഡിഗഢ്: 2016 ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആദ്യമുണ്ടാക്കിയ പ്രതികരണം സ്വാഭാവികമാണെങ്കിലും പിന്നീട് അത് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് മുന്‍ ലഫ്.ജനറല്‍ ഡി.എസ്. ഹൂഡ.  മിന്നലാക്രമണവുമായി ബന്ധപ്പെട്ട് നടത്തുന്ന വീരവാദ പ്രചരണങ്ങള്‍ അനാവശ്യമെന്നും ദൗത്യത്തില്‍ പങ്കെടുത്ത അദ്ദേഹം അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്ന് ആ ദൗത്യം നടത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. എന്നാലിന്ന് അത് രാഷ്ട്രീയവത്കരിക്കുന്നത് ശരിയാണോ എന്ന് പാര്‍ട്ടികള്‍ തന്നെ സ്വയം പരിശോധന നടത്തണമെന്നും ഹൂഡ അഭിപ്രായപ്പെട്ടു. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബര്‍ 29ന് സര്‍ജിക്കല്‍ സെട്രൈക്ക് നടത്തിയെന്നവകാശപ്പെടുന്ന സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ഹൂഡ. 


ചണ്ഡീഗഢില്‍ നടന്ന മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.


ഉറിയിന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ ഹൂഡ വടക്കന്‍ സൈനിക കമ്മാന്‍ഡറായിരുന്നു. ഈ ദൗത്യം നടത്താന്‍ സൈന്യത്തിന് അനുമതി കൊടുത്ത ഓഫീസറായിരുന്നു അദ്ദേഹം. സൈന്യത്തിന്‍റെ നീക്കങ്ങള്‍ അദ്ദേഹം തത്സമയം വീഡിയോ വഴി കണ്ടിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടക്കാനായി തമ്പടിച്ചിരുന്ന തീവ്രവാദികളെ അന്ന് സൈന്യം വധിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് ഈ മിന്നലാക്രമണം ഉണ്ടാക്കിയത്.


എന്നാല്‍, ഹൂഡയുടെ വാക്കുകളോട് പ്രതികരിക്കാന്‍ സൈനിക തലവനായ ബിപിന്‍ റാവത്ത് തയ്യാറായില്ല. ഓരോ വ്യക്തികളുടെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതിലൊന്നും പറയാനില്ല. നിരവധി സൈനിക ദൗത്യങ്ങളില്‍ മുഖ്യ പങ്ക് വഹിച്ചയാളാണ് ഹൂഡ. അദ്ദേഹത്തിന്‍റെ വാക്കുകളെ ബഹുമാനിക്കുന്നുവെന്ന് ബിപിന്‍ റാവത്ത് പറ‌ഞ്ഞു.


സര്‍ജിക്കല്‍ സ്ട്രൈക്ക് രഹസ്യമായി നടത്തേണ്ട ഒന്നായിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഒട്ടുമിക്ക ഉദ്യോഗസ്ഥരും സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമുന്നയിച്ചു.