Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ഹോസ്പിറ്റലിൽ (Zakir Husain Hospital) ഉണ്ടായ ഓക്സിജൻ ചോർച്ചയിൽ ഇതുവരെ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ നില ഗുരുതരമാണ്.
നാസിക്: കൊറോണ വൈറസിന്റെ (Coronavirus) രണ്ടാം തരംഗം ഇന്ത്യയിൽ തുടരുകയാണ്. മാത്രമല്ല ഓരോ ദിവസവും കോവിഡ് -19 ന്റെ പുതിയ റെക്കോർഡുകളാണ് സൃഷ്ടിച്ചുവരുന്നത്. ഇതുമൂലം പല സംസ്ഥാനങ്ങളിലും ഓക്സിജന്റെ കുറവുണ്ടായിട്ടുണ്ട്.
ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ സാക്കിർ ഹുസൈൻ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നത്. സംഭവത്തിൽ 22 രോഗികളാണ് മരണമടഞ്ഞത്.
80 രോഗികളാണ് ഇവിടെ ഓക്സിജന്റെ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ ഓക്‌സിജനുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ടാങ്കറാണ് ചോർന്നത്. വാതക ചോർച്ച ഏകദേശം അര മണിക്കൂറോളം നീണ്ടു നിന്നു. മരിച്ചത് വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന രോഗികളാണ്. സംഭവ സമയം ആശുപതിയിൽ 171 രോഗികളാണ് ഉണ്ടായിരുന്നത്.
വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാങ്കറിൽ നിന്നും വാതകം ചോർന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് കമ്പനി അധികൃതരും വ്യക്തമാക്കി.
ഓക്‌സിജൻ ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. നാസികിലെ ആശുപത്രിയിലെ സംഭവം ഞെട്ടൽ ഉളവാക്കുന്നതാണെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...