ന്യൂഡല്‍ഹി: കോവിഡ്‌  സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ കൂടുതല്‍ വിവരങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ രണ്ടാം ഘട്ട വിവരണമാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് നല്‍കുന്നത്. 
 
lock down കാലത്തും കേന്ദ്ര ധന മന്ത്രാലയം  പ്രവര്‍ത്തനനിരതമായിരുന്നു എന്ന് ധനമന്ത്രി വ്യക്തമാക്കി. പാക്കേജിന്‍റെ  രണ്ടാം ഘട്ട൦ കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ,  ചെറുകിട കർഷകർ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.


നഗരങ്ങളില്‍ താമസിക്കുന്ന പാവങ്ങള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍ക്കാര്‍ 3 നേരത്തെ ഭക്ഷണ൦ വിതരണം ചെയ്തു വരികയാണ്  എന്ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൂടാതെ, രാജ്യത്തെ 12,000 സ്വയം സേവക സംഘങ്ങള്‍  3 കോടി മാസ്ക്കുകള്‍ നിര്‍മ്മിച്ചതായി മന്ത്രി പറഞ്ഞു. 


ചെറുകിട കർഷകർക്ക് സഹായകമാവുന്ന നിരവധി വാഗ്ദാനങ്ങളാണ്   ധനമന്ത്രി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.  ചെറുകിട കർഷകർക്ക് അവരുടെ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള സമയ പരിധി മെയ്‌ 31 വരെ നീട്ടിയതായി മന്ത്രി പറഞ്ഞു.


കുടിയേറ്റ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, ഭക്ഷണ൦, കുടിവെള്ള൦ മുതലായവ നല്‍കാന്‍ SDRF ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാറുകള്‍ക്ക് കേന്ദ്ര സർക്കാർ ഇതിനോടകം നിര്‍ദ്ദേശം നല്കിയതായും  മന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ തികച്ചും ബോധവാന്മാരാണ്, അവരെ വിവിധ രീതിയില്‍ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്  എന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
 
പാക്കേജിലെ 6 ലക്ഷം കോടിയുടെ വിതരണം ബുധനാഴ്ച ധനമന്ത്രി വിവരിച്ചിരുന്നു. കൂടാതെ, കുടിയേറ്റ തൊഴിലാളികള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക്  കൈമാറാനുള്ള തീരുമാനവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു.


കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ  ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് ആണ് ഇത്.


കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 10 % വരുന്ന  പാക്കേജ്  ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍  എന്ന പേരിലായിരിക്കും  അറിയപ്പെടുക.  ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയില്‍ വിഭവോത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരിക്കും ഇന്ത്യ ഇനി മുന്നോട്ടു നീങ്ങുക എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.