ന്യുഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയില്‍ എടുത്ത രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ വിട്ടയച്ചു. പാക്കിസ്ഥാനിൽ തിങ്കളാഴ്ച രാവിലെ മുതൽ കാണാതായ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇരുവരെയും വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ നയതന്ത്ര തലത്തിൽ സമ്മർദ്ദം ശക്തമാക്കിയതിന് പിന്നാലെയാണ് പാക്ക് നടപടി,  ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്നാണ് വിവരം.


Also read: ഹൈക്കമ്മീഷന്‍ ജീവനക്കാരെ കാണാതായ സംഭവം;സ്ഥിതി വിലയിരുത്തി ഡോവല്‍;പാക്കിസ്ഥാന്‍ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി!


തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യൻ എംബസി ഡ്രൈവറെയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെയും കാണാതായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവർക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ജീവനക്കാരെ കാണാതായി ഏഴുമണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും വാഹനാപകടക്കേസിൽ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ പ്രതികരിച്ചത്.


ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഒരു വാഹനം അപകടത്തിൽപ്പെട്ടുവെന്നും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടിയതായും പോലീസിനെ ഉദ്ധരിച്ച് പാക്കിസ്ഥാൻ വാർത്താചാനലായ സമാ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള വാർത്തകൾ പാകിസ്താൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പാക്കിസ്ഥാൻ എംബസിയിലെ പ്രതിനിധിയെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. 


സംഭവത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു.  പാക്കിസ്ഥാൻ നയതന്ത്ര മര്യാദകൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.  പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള നിരന്തരമായ വെടി നിർത്തൽ കരാർ ലംഘിച്ച് കൊണ്ടുള്ള പാക്ക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നത്.