ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാക്ക് അധിനിവേശ കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.സെപ്തംബര്‍ 29 ന് നടന്ന മിന്നലാക്രമണത്തില്‍ അഞ്ചു പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി പാക് അധീന കശ്മിരിലെ മിര്‍പുര്‍ റെയ്ഞ്ച് എസ്.പി ഗുലാം അക്ബറിനെ ഉദ്ധരിച്ച്‌ ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് പാക്ക് സൈന്യത്തിന് ഒരുതരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. ആക്രമണത്തില്‍ അഞ്ചു പാക്ക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി ഗുലാം അക്ബര്‍ പറഞ്ഞു.


സാംമ്‌നയിലെ ഭീംബേര്‍, പൂഞ്ചിലെ ഹസീറ, നീലംമിലെ ദുഹ്നിയാല്‍, ഹാത്തിയാന്‍ ബാലയിലെ കയാനി എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ ആക്രമണം. പുലര്‍ച്ചെ രണ്ടിനും അഞ്ചിനും ഇടയ്ക്കായിരുന്നു ആക്രമണം. മൂന്നു മുതല്‍ നാലു മണിക്കൂറോളം ആക്രമണം നീണ്ടുനിന്നുവെന്നാണ് വിവരം. 
ഒരേസമയം വിവിധ ഇടങ്ങളിലായിട്ടായിരുന്നു ആക്രമണമെന്നും ഗുലാം അക്ബര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ഐജി മുഷ്താഖ് എന്ന പേരില്‍ സിഎന്‍എന്‍ ലേഖകന്‍ എസ്പിയുമായി നടത്തിയ സംഭാഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 


ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം മടങ്ങിയതിനുപിന്നാലെ പാകിസ്താന്‍ സൈന്യം സംഭവസ്ഥലത്തെത്തി. കൊല്ലപ്പെട്ടവരുടെയെല്ലാം മൃതദേഹങ്ങള്‍ അവിടെനിന്നും മാറ്റി. കൂടുതല്‍പേരുടെയും മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് മൂന്നു കിലോമീറ്റര്‍ അപ്പുറം ആക്രമണം നടത്തിയതായി ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ്  പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.  പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗുലാം അക്ബര്‍ സ്ഥിരീകരിക്കുകയും ചെയ്തതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 


ഇതേകാര്യം സ്ഥിതികരിച്ച് പാക് അധീന കാശ്മീരിലെ   ദൃക്സാക്ഷികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ കമാന്‍ഡോ ആക്രമണം നടത്തിയതായും ഇന്ത്യന്‍ കമാന്‍ഡോകള്‍ മടങ്ങിയ ശേഷം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാക് സേന ട്രക്കുകളില്‍ കയറ്റിക്കൊണ്ടു പോയി വിദൂര സ്ഥലത്ത് മറവ് ചെയ്തതായുമാണ്  ദൃക്സാക്ഷികള്‍ പറഞ്ഞത്. 


അതേസമയം, മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. അത് തെളിയിക്കാന്‍ വേണ്ടി വിദേശ മാധ്യമ പ്രവര്‍ത്തകരെയടക്കം അവിടെ കൊണ്ടുപോയി കാണിച്ചു. എന്നാല്‍, ഇന്ത്യയുടെ പക്കലുള്ള തെളിവ് പുറത്ത് വിടുന്നതിന് മുമ്പായി പാകിസ്താനില്‍ നിന്ന് തന്നെ ധാരാളം തെളിവുകള്‍ ലഭിക്കുകയാണ്.