ന്യൂഡൽഹി: ഷാരൂഖ് ഖാൻ ചിത്രം 'പത്താനിലെ' ​ഗാനരം​ഗത്തിൽ ദീപിക പദുകോൺ കാവി ബിക്കിനി ധരിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ സ്മൃതി ഇറാനിയുടെ വസ്ത്രത്തെച്ചൊല്ലി ബിജെപി-തൃണമൂൽ കോൺഗ്രസ് പോര്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലെ ദൃശ്യങ്ങൾ പങ്കുവച്ച് പശ്ചിമബം​ഗാളിൽ കാവിക്കൊടി ഉയരുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. 1998-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ പങ്കുവച്ചാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിന് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത മറുപടി നൽകിയത്. ഇത് ബിജെപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കൾ തമ്മിലുള്ള ട്വിറ്റർ പോരിനാണ് തുടക്കമിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'പത്താൻ' ചിത്രത്തിലെ ഒരു ഗാനത്തിൽ ദീപിക പദുകോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ച് എത്തുന്നുണ്ട്. ഇതിനെതിരെ മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര രം​ഗത്തെത്തിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് അമിത് മാളവ്യ ട്വീറ്റ് പങ്കുവച്ചത്. ഇതിന് മറുപടിയായി തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്തയും എത്തിയതോടെ ബിജെപി-തൃണമൂൽ പോരിലേക്കെത്തി. സ്മൃതി ഇറാനിയുടെ വീഡിയോ പങ്കുവച്ചത് സ്ത്രീ വിരുദ്ധതയാണെന്ന് ആരോപിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി, റിജു ദത്തക്കെതിരെ വിമർശനം ഉന്നയിച്ചു.



2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ എങ്ങനെയാണ് ബിജെപി നേതാക്കൾ "സംസ്‌കാരി ബ്രാഹ്മണർ" എന്ന് ന്യായീകരിച്ചതെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത, ലോക്കറ്റ് ചാറ്റർജിക്കെതിരെ തിരിച്ചടിച്ചു. ''കാവി നിറം നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ആദ്യം നിർത്തൂ.. രണ്ടാമത് ദീപിക പദുകോൺ കാവി വസ്ത്രം ധരിച്ചാൽ നിങ്ങൾക്ക് പ്രശ്നമാണ്. എന്നാൽ സ്മൃതി ഇറാനി ധരിച്ചാൽ നിങ്ങൾക്ക് പ്രശ്നമില്ല. നിങ്ങൾക്ക് ഭാ​ഗികമായ അന്ധതയാണെന്ന് ഞാൻ സംശയിക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായ വനിത നയിക്കുന്ന പാർട്ടിയിലെ അം​ഗമാണ് ഞാൻ. നിങ്ങളോ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെ "സംസ്‌കാരി ബ്രാഹ്മണർ" എന്ന് വിശേഷിപ്പിച്ച പാർട്ടിയിലെ അം​ഗവും'' റിജു ദത്ത ലോക്കറ്റ് ചാറ്റർജിക്കുള്ള മറുപടിയായി പറഞ്ഞു.


ദീപിക പദുകോണിന്റെ ബിക്കിനിയെ വിമർശിക്കുന്നവരുടെ ഇരട്ടത്താപ്പിനെ പുറത്ത് കൊണ്ടുവരുന്നതാണ് സ്മൃതി ഇറാനിയുടെ കാവി നിറത്തിലുള്ള നീന്തൽ വസ്ത്രത്തിലെ വീഡിയോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. എന്തൊക്കെ സംഭവിച്ചാലും താനും തന്നെ പോലെ പോസിറ്റിവായി ചിന്തിക്കുന്നവരും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നാണ് വിവാദങ്ങളോട് ഷാരൂഖ് ഖാൻ പ്രതികരിച്ചത്. സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ നെഗറ്റിവിറ്റിയാണെന്നും എന്താണെങ്കിലും തങ്ങളെ പോലെയുള്ളവർ പോസിറ്റിവായി തുടരുമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. കൊൽക്കത്തയിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് ഷാരൂഖ് ഖാന്റെ പ്രതികരണം.





'മനുഷ്യ സ്വഭാവത്തെ തന്നെ ബാധിക്കുന്ന ചില ഇടുങ്ങിയ ചിന്താഗതികൾക്ക് വിധേയമാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്- സോഷ്യൽ മീഡിയ നെഗറ്റിവിറ്റി  വർധിപ്പിക്കുന്നുവെന്ന്. ഇത് നാടിനെ വിഭജനത്തിലേക്കും വിദ്വേഷത്തിലേക്കുമാണ് നയിക്കുന്നത്.'  ഷാരൂഖ് ഖാൻ പറഞ്ഞു. പത്താൻ സിനിമയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. പ്രസംഗത്തിന്റെ ഒടുവിൽ ഹിന്ദിയിൽ ഷാരൂഖ് ഖാൻ പറഞ്ഞ വാചകമാണ് ഇതിൽ ഏറെ ശ്രദ്ധയാകർഷിച്ചത്. 'ആര് എന്ത് വേണമെങ്കിലും ചെയ്യട്ടെ, ഞാനും നിങ്ങളും, പോസിറ്റീവായി ചിന്തിക്കുന്ന എല്ലാവരും ജീവനോടെ ഉണ്ട്' എന്നായിരുന്നു ഷാരൂഖാൻറെ പ്രതികരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.