പഠാൻകോട്ട് ∙ പഠാൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘത്തെ (എൻഐഎ) പാക്കിസ്ഥാനിൽ പ്രവേശിക്കുന്നത് നിഷേധിച്ചാല്‍  അത് ഇന്ത്യയോട് കാണിക്കുന്നത് വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കേസന്വേഷണത്തില്‍ ഇരു രാജ്യങ്ങളും  സഹകരിക്കുമെന്ന പരസ്പര ധാരണയിലെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പാക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. അവർക്കുപിന്നാലെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘത്തിനും പാക്കിസ്ഥാനില്‍ പ്രവേശിക്കാൻ അനുമതി നൽകാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ  ഇതുവരെ ഈ കാര്യത്തില്‍ പാക്കിസ്ഥാൻ ഒരു തീരുമാനമേടുത്തിട്ടിലെന്നും അദ്ദേഹം പറഞ്ഞു.


എൻഐഎ സംഘത്തിനു പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുമതി നൽകി തങ്ങൾക്ക് ഭീകരവാദികളുമായി യാതൊരു ബന്ധവുമില്ലെന്ന് പാക്കിസ്ഥാൻ തെളിയിക്കണം. പഠാൻകോട്ട് വ്യോമസേനാത്താവളം ആക്രമിച്ചവർ പാക്കിസ്ഥാനിൽനിന്നും എത്തിയവരാണെന്നു വ്യക്തമായിയിട്ടുണ്ട്. ഈ പ്രശ്നത്തെ ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


ജമ്മു കശ്മീർ ഒരിക്കലും ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നമേയല്ല. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അതു പാക്ക് അധീന കശ്മീരിനെ ചൊല്ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.