ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകൾ വൻതോതിൽ ബാങ്കിലെത്തിച്ച് മാറ്റിയെടുക്കുമ്പോൾ നികുതിയിളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വലിയ തോതില്‍ പണം നിക്ഷേപിക്കുമ്പോള്‍ അതിന്‍റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. കൈയ്യിലുള്ള പണം നിയമപരമായി സമ്പാദിച്ചതാണെങ്കില്‍ പേടിക്കേണ്ടതില്ല. ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കില്‍ അവയ്ക്ക് നഷ്ടം സംഭവിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.


എന്നാൽ, കൈക്കൂലിയായോ കുറ്റകൃത്യത്തിൽ ഏർപ്പെട്ട് സമ്പാദിച്ചതോ ആണെങ്കിൽ അതിന്‍റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. ചെറിയ തുകകൾ സൂക്ഷിച്ചിട്ടുള്ള വീട്ടമ്മമാരും കർഷകരും ഇതിൽ ഭയക്കേണ്ടതില്ല. 25,000 മുതൽ 50,000 രൂപവരെയുള്ള പണം വീട്ടാവശ്യങ്ങൾക്കും കൃഷി ആവശ്യങ്ങൾക്കുമുള്ളതായി കണക്കാക്കി അവരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നു ഒഴിവാക്കും. ഇത്തരത്തിൽ പണം നിക്ഷേപിക്കുന്നവർക്കും ഭയക്കാനില്ല. 


ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളിൽ കുറഞ്ഞ തുകയ്ക്കുള്ള നോട്ടുകളെ മാറ്റിയെടുക്കാൻ സാധിക്കൂ. പതുക്കെ തുകയുടെ പരിധി വർധിപ്പിക്കും. പുതിയ നോട്ടുകൾ എത്തുന്നതോടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.


നോട്ടുകള്‍ പിന്‍വലിക്കാനുള്ള പുതിയ നീക്കം കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് ആകര്‍ഷിക്കും. കൂടുതല്‍ പേര്‍ നികുതി വെളിപ്പെടുത്താന്‍ മുന്നോട്ടുവരും. ആദ്യത്തെ ഏതാനും ആഴ്ചകളില്‍ ജനങ്ങള്‍ക്ക് അല്‍പം ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും കള്ളപ്പണത്തില്‍നിന്ന് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനാണ് ഇതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.