വാജ്പേയിയുടെ 96ാം ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുന്നു
വാജ്പേയിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടികളുടെ വിഭാഗത്തിലും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചു.
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ 96 മത്തെ ജന്മദിനമാണ് ഇന്ന്.
അദ്ദേഹത്തിന് ആദരവര്‍പ്പിക്കുവാനായി പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ലോക്സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിന്‍റെ സമാധി സ്ഥലമായ സദൈവ് അടല്‍ മെമ്മോറിയലില്‍ എത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
വാജ്പേയിക്കൊപ്പം നീണ്ട രാഷ്ട്രീയ യാത്ര നടത്തിയ ബിജെപി മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയും വിജയ് കുമാർ മൽഹോത്രയും ചടങ്ങിൽ പങ്കെടുത്തു.
വാജ്‌പേയിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടികളുടെ വിഭാഗത്തിലും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചു. ഭജൻ ചക്രവർത്തി അനുപ് ജലോട്ട അന്തരിച്ച നേതാവിന് സ്വരങ്ങൾ അർപ്പിച്ചു.
വാജ്പേയിയെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തെ അനുസ്മരിച്ച്കൊണ്ട് വീഡിയോ പങ്കിട്ടു. ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദമാണുള്ളത്. അതിൽ അദ്ദേഹം അടൽജിയുടെ വ്യക്തിത്വം വിവരിക്കുന്നുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി തന്‍റെ ദേശീയചിന്ത, കുറ്റമറ്റ പ്രതിച്ഛായ, സമർപ്പിത ദേശീയ ജീവിതം എന്നിവയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുവെന്നും പ്രത്യയശാസ്ത്രത്തെയും തത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ള അടൽ ജിയുടെ ജീവിതത്തിൽ അധികാരത്തിൽ ഒരു മോഹവും ഉണ്ടായിരുന്നില്ലയെന്നും അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യം ഒരു നല്ല ഭരണമാണ് കണ്ടതെന്നും അമിത് ഷായും ട്വീറ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയറ്റായ ലോക്ഭവനില്‍ പണികഴിപ്പിച്ച വെങ്കല പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും.
ലഖ്‌നൗവില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുക്കും.
1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ ഇന്ന് സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്.