ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണമെങ്കില്‍ ഓടിയൊളിക്കാം, പക്ഷെ സത്യം എന്തായാലും പുറത്തു വരുമെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷേധജാഥയ്ക്കും അറസ്റ്റിനും ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിബിഐയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ കേന്ദ്രം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധജാഥ നേതാക്കളുടെ അറസ്റ്റില്‍ കലാശിച്ചിരുന്നു. സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 


കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി നേതാക്കള്‍ ഏകദേശം 50 മിനിറ്റോളമാണ് ലോധി കോളനിയിലുള്ള പൊലീസ് സ്റ്റേഷനില്‍ ചിലവഴിച്ചത്.


രാജ്യമൊട്ടുക്കുള്ള സിബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. 


നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രക്ഷോഭം. കൂടാതെ, സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 


റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍ നിന്ന് നീക്കിയതെന്നാണു കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.