ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക് തിരിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി യാത്രയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കും ശേഷമാണ് ദ്വിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിക്കുന്നത്. ചൈനയിലെ സിയാമെന്നിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം പ്രധാനമന്ത്രി മ്യാൻമർ സന്ദർശിക്കും. അഞ്ചു ദിവസങ്ങൾക്ക് ശേഷമാകും പ്രധാനമന്ത്രി തിരിച്ചെത്തുക. 


ധോക്‌ലാം വിഷയം ഉൾപ്പടെ ചൈനയുമായി നിലനിൽക്കുന്ന അതിർത്തിപ്രശ്നങ്ങൾ സജീവമായ സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടി. ധോക്‌ലാം പ്രശ്നം താൽക്കാലികമായി അവസാനിച്ചതിനാൽ ഇരു രാജ്യങ്ങളുടെയും പ്രത്യേക കൂടിക്കാഴ്ച ഉണ്ടാകുമോഎന്ന കാര്യത്തിൽ വ്യക്തതയില്ല. 


അതേസമയം പാകിസ്ഥാൻ വിഷയം ബ്രിക്സ് ഉച്ചകോടിയിൽ ചർച്ച ചെയ്യില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഉച്ചകോടിക്ക് മുൻപേ തന്ന വ്യക്തമാക്കിയിട്ടുണ്ട്. 


മൂന്നുദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ത്, കെനിയ, താജിക്കിസ്താന്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളെയും ചൈനീസ് പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി 'ബ്രിക്‌സ് പ്ലസ്' രൂപവത്കരിച്ച് കൂട്ടായ്മയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചാണിത്.