ചെന്നൈ: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ഏറ്റവും വിവാദ൦ സൃഷ്ടിച്ചത് തമിഴ്നാട്ടിലാണ്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപോവില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ പ്രതിഷേധത്തിനും എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാഷാ വിവാദത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ത്തിയത് തമിഴ് മക്കള്‍ ആയിരുന്നു. ഈ വിഷയത്തില്‍ തമിഴ് നാട്ടില്‍ വലിയ പ്രക്ഷോഭം തന്നെ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഈ നിലപാടില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങിയിരുന്നു. 


എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍നിന്നും തികച്ചും വ്യത്യസ്തമായി തമിഴ് ഭാഷയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്രാസ് ഐഐടി റിസര്‍ച്ച്‌ വിഭാഗത്തിന്‍റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴിനെ പ്രശംസകൊണ്ട് മൂടിയത്. 


തമിഴ് ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണെന്നും, യുഎന്നിലെ തന്‍റെ പ്രസംഗത്തിലും താന്‍ തമിഴില്‍ സംസാരിച്ചതായും നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്‍റെ കീര്‍ത്തി എത്തിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.


തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ നരേന്ദ്രമോദി തമിഴിനെ പുകഴ്ത്തി രംഗത്തെത്തിയത് ദേശീയ രാഷ്രീയത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.


അതേസമയം, കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
വിദ്യാര്‍ത്ഥി സംഘടകള്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന സൂചനകള്‍ നിലനില്‍ക്കെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് മോദിക്കായി ക്രമീകരിച്ചിരിക്കുന്നത്.


ആയിരത്തിലധികം പോലീസുകാരെയാണ് ക്യാമ്പസിനകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സിസിടിവി ക്യാമറകളും പരിപാടി നിരീക്ഷിക്കും. 


രാവിലെ 9:30 തോടെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സ്വീകരിച്ചു. ശേഷം ഹെലികോപ്റ്ററിലായിരുന്നു മോദി ഐഐടിയില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.