യുപിയിൽ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് 1000 കോടി പ്രഖ്യാപിച്ച് മോദി
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയിലൂടെ എണ്‍പതിനായിരത്തോളം സ്വയംസഹായ സംഘങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.
Lucknow: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി വൻ സാമ്പത്തിക സഹായ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1000 കോടി ധനസഹായമാണ് സ്ത്രീകള്‍ക്കായുള്ള സ്വയംസഹായ സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രയാഗ്‌രാജില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. രണ്ടു ലക്ഷത്തോളം വനിതകളും പരിപാടിയില്‍ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയിലൂടെ എണ്‍പതിനായിരത്തോളം സ്വയംസഹായ സംഘങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 16 ലക്ഷം വനിതകൾ സ്വയംസഹായ സംഘങ്ങളില്‍ അംഗങ്ങളായുണ്ട്. ഇവർക്ക് ഈ ധനസഹായം പ്രയോജനം ചെയ്യും. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.
മുഖ്യമന്ത്രി കന്യ സുമംഗല പദ്ധതിയിലേക്ക് 20 കോടി നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ക്ക് അവരുടെ വിവിധ ജീവിത ഘട്ടങ്ങളില്‍ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 43 ജില്ലകളിലായി 202 സപ്ലിമെന്ററി പോഷകാഹാര നിര്‍മ്മാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Also Read: Uttar Pradesh: ഉത്തര്‍ പ്രദേശില്‍ ഹര്‍ത്താലും സമരവും നിരോധിച്ചു, ESMA നടപ്പാക്കി യോഗി
ഒരു യൂണിറ്റിന് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പോഷകാഹാര നിര്‍മ്മാണ കേന്ദ്രങ്ങള്‍ സ്വയംസഹായ സംഘങ്ങളുടെ കീഴിലാകും പ്രവര്‍ത്തിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തവണ സ്ത്രീ ശാക്തീകരണത്തിനാണ് പാർട്ടികൾ ശ്രമിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചരണങ്ങളാണ് ഓരോ പാർട്ടികളും നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...