പുരി: ഫോനി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വരുത്തിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഒഡീഷ സന്ദര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന മുഖ്യമന്ത്രി ബിജു പട്നായികുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം 1000 കോടിയുടെ അധിക സഹായം കൂടി പ്രധാനമന്ത്രി അനുവദിച്ചു. മുന്‍പ് 381 കോടിയുടെ സഹായധനം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 


അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന മുഖ്യമന്ത്രി ബിജു പട്നായിക് കൈക്കൊണ്ട മുന്‍കരുതലുകള്‍ നടപടികളെ അത്യധികം പ്രശംസിച്ചു.  


അതേസമയം, തന്‍റെ ഒഡീഷ സന്ദര്‍ശനവേളയില്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ട ഒരു മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പ്രശംസിച്ചത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുനയാണ്‌. ഒഡീഷയില്‍ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ധനസഹായ പ്രഖ്യാപനമോ സന്ദര്‍ശനമോ യാതൊരു വിധ വോട്ട് നേട്ടം നല്‍കുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മോദി ഒരു പടി കൂടി കടന്ന് ചിന്തിക്കുകയാണ് എന്നത് വ്യക്തം. 


അതായത്, 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ "അഥവാ" ഒരു പ്രാദേശിക പാര്‍ട്ടിയുടെ സഹായംകൂടി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ആവശ്യമായി വന്നാല്‍, യാതൊരു സങ്കോചവും കൂടാതെ ബിജെപിയ്ക്ക് ബിജെഡിയെ സമീപിക്കാം എന്നത് തന്നെ.  


എന്നാല്‍ ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ആഞ്ഞടിച്ചിരുന്നു. എന്നാല്‍, ഇതുവരെ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു സഹായവും പശ്ചിമ ബംഗാളിന് പ്രഖ്യാപിച്ചിട്ടില്ല എന്നാണ് മമത ബാനെര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ പരാതി. കൂടാതെ, മുഖ്യമന്ത്രി മമത ബാനെര്‍ജിയുമായി സംസാരിക്കാതെ പ്രധാനമന്ത്രി ഗവര്‍ണറുമായാണ് സംസാരിച്ചത്. ഇതില്‍ പ്രതിഷേധിച്ച്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയിലാണ് എന്ന കാരണം പറഞ്ഞ് മമത ബാനെര്‍ജി പ്രധാനമന്ത്രിയുമായി ഫോനി അവലോകന യോഗത്തിന് വിസമ്മതിക്കുകയും ചെയ്തു. 


അതേസമയം, ഇരു സംസ്ഥാനങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നവരാണ്. ഒഡീഷയില്‍ ആകെ 21 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റാണ് നേടിയത്. കൂടാതെ, 147 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിയ്ക്ക് 10 അംഗങ്ങളാണ് ഉള്ളത്. പശ്ചിമ ബംഗാളിലും കഥ മറ്റൊന്നല്ല. ആകെയുള്ള 42 സീറ്റില്‍ ബിജെപി നേടിയത് 2 സീറ്റാണ്. 2014ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഉത്തര്‍ പ്രദേശ്‌ ആണ് യുപിയില്‍ ആകെയുള്ള 80 സീറ്റില്‍ 72 സീറ്റാണ് ബിജെപി നേടിയത്. 


എന്നാല്‍, യുപിയില്‍ കഥ മാറി, എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ബിജെപിയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഇതാണോ മോദിയുടെ പ്രശംസയ്ക്ക് പിന്നില്‍ എന്നതാണ് ഇപ്പോള്‍ ടെശീയ രാഷ്ട്രീയത്തിലെ ചര്‍ച്ച.