ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്‌ പറയുന്നത് ശരിയോ തെറ്റോയെന്ന്‍ മോദി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.



COMMERCIAL BREAK
SCROLL TO CONTINUE READING

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ, ഫ്രാന്‍സിന് ഇടപാടിന്‍റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങള്‍ക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്നത്. 



മോദി കള്ളം പറയുന്നുവെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തലെന്ന് പറഞ്ഞ രാഹുല്‍ ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും ചോദിച്ചു. കൂടാതെ, രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കളളനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


റാഫേല്‍ ഇടപാടില്‍ മാറ്റം വന്ന വിവരം മുന്‍ പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്കുപോലും അറിയില്ലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.    



30,000 കോടിയുടെ പരാതോഷികമാണ് മോദി അനില്‍ അംബാനിക്ക് നല്‍കിയിരിക്കുന്നത്. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരുംചേര്‍ന്ന് കള്ളം പറയുകയാണ്. കരാറിന് വെറും പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് മോദി അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ പറയുന്നു. അംബാനിയെ സഹായിക്കാന്‍ കരാറില്‍ വിട്ടുവീഴ്ച ചെയ്തു. റാഫേല്‍ ഇടപാടില്‍ നൂറ് ശതമാനം അഴിമതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


ഒരുലക്ഷത്തി മുപ്പതിനായിരം കോടിയുടെ മിന്നലാക്രമണം മോദിയും അനിൽ അംബാനിയും ചേർന്ന് നടത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 


പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍.) ഒഴിവാക്കി പ്രതിരോധ രംഗത്തെ തുടക്കക്കാരായ റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയെന്നാണു മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം. കോണ്‍ഗ്രസിന്‍റെ ഈ ആരോപണത്തിന് ശക്തി പകരുന്നതാണു ഒളന്ദോയുടെ വെളിപ്പെടുത്തല്‍.


കരാറില്‍ വന്ന മാറ്റങ്ങളും പ്രതിപക്ഷത്തിന്‍റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്. കാരണം, 2012ല്‍ 590 കോടി രൂപയായിരുന്നു കരാര്‍ തുക. എന്നാല്‍, 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു കരാര്‍ തുക 1690 കോടിയായി മാറിയത്.