COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: വിദേശകാര്യസഹമന്ത്രി എം.ജെ. അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയതോടെ സ്ത്രീ സുരക്ഷയെപ്പറ്റി വാനോളം പ്രസംഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായി. ആരോപണം പ്രതിപക്ഷവും ഏറ്റെടുത്തതോടെ മന്ത്രിയില്‍നിന്നും വിശദീകരണം തേടാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 


കേന്ദ്രമന്ത്രിയുടെ നേര്‍ക്കുയര്‍ന്ന ലൈംഗികാതിക്രമ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ എംജെ അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. 


ഇപ്പോള്‍ നൈജീരിയ സന്ദര്‍ശനത്തിലാണ് കേന്ദ്രമന്ത്രി എം.ജെ. അക്‌ബര്‍. സന്ദര്‍ശനം മതിയാക്കി ഉടന്‍ തിരികെയെത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ, മന്ത്രിയുടെ വിശദീകരണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. 
 
1997ല്‍ നടന്ന ഒരുസംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്‍റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്‌ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. അന്ന് അവര്‍ക്ക് പ്രായം 23 വയസ്, അക്‌ബറിന് 43 വയസും. ഇക്കാര്യം താന്‍ 2017ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നതായും അവര്‍ പറയുന്നു.


ജോലിക്കുള്ള അഭിമുഖത്തിനായി യുവതികളെ മുംബൈയിലെ ഹോട്ടല്‍ മുറിയിലേക്ക് വൈകുന്നേരങ്ങളില്‍ വിളിച്ചുവരുത്തുക, മദ്യലഹരിയില്‍ കടന്നുപിടിക്കുക, മന്ത്രിയുടെ ചെയ്തികള്‍ വിചിത്രമാണെന്നും അവര്‍ പറയുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകനായിരുന്നു എം.ജെ. അക്‌ബര്‍. ദ ടെലഗ്രാഫ്, ഏഷ്യൻ ഏജ് എന്നിവയുടെ സ്ഥാപകനുമാണ്.    


ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ സംഭവത്തോടെയായിരുന്നു അവര്‍ വോഗില്‍ ഇക്കാര്യം കുറിച്ചത്. അന്ന് അക്‌ബറിന്‍റെ പേര് പറയാതെയായിരുന്നു പരാമര്‍ശം. മറ്റുപല സ്ത്രീകള്‍ക്കും അക്ബറില്‍നിന്നും ഇതുപോലെ ദുരനുഭവങ്ങല്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. ട്വീറ്റിനെ തുടര്‍ന്ന് മറ്റ് മൂന്ന് മുതിര്‍ന്ന വനിതാ മാധ്യമ പ്രവര്‍ത്തകരും അക്‌ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.  


അതേസമയം, കേന്ദ്രമന്ത്രി മേനകഗാന്ധി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ സുഷമ സ്വരാജ് നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. വിഷയത്തില്‍ പ്രതിപക്ഷം എം.ജെ. അക്‌ബറിന്‍റെ രാജി ആവശ്യപ്പെട്ടതോടെയാണ്‌ ഈ വിഷയത്തില്‍ സര്‍ക്കാരില്‍നിന്നും പ്രതികരണമുണ്ടായത്.