മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ഉദ്യോഗസ്ഥരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, മനോജ് ഖരത്, നീരവ് മോദിയുടെ പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. നീരവ് മോദിക്ക് രേഖകളില്ലാതെ ബയേഴ്‌സ് ക്രെഡിറ്റ് നല്‍കിയ സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ഗോകുല്‍ നാഥ് ഷെട്ടി. 


പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് ഇത്. മൂന്ന് പേരെയും ഇന്ന് മുംബൈ സിബിഐ കോടതിയില്‍ ഹാജരാക്കും.


നീരവ് മോദി തട്ടിപ്പ് നടത്തിയത് 2017 ല്‍ ആണെന്ന കോണ്‍ഗ്രസിന്‍റെ വാദം ശരി വയ്ക്കുന്ന രീതിയിലാണ്‌ സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട്. സിബിഐയുടെ റിപ്പോര്‍ട്ടില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നീരവ് മോദി 11,400 കോടിയുടെ തട്ടിപ്പു നടത്തിയത് 2017 – 2018 കാലത്താണെന്ന് പറയുന്നുണ്ട്. 


2011 ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് അഴിമതി നടന്നതെന്ന് ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണ് സിബിഐയുടെ എഫ്‌ഐആര്‍ പുറത്തു വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട നാലു ബാങ്കുദ്യോഗസ്ഥരും ഇക്കാലയളവില്‍ ജോലി ചെയ്തവരാണ്. 


അതേസമയം, രാജ്യത്തുടനീളമുള്ള നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുകയാണ്.