ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീങ്ങുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐയുടെ മുംബൈ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് വിപുല്‍ അംബാനി.


മൂന്ന് വര്‍ഷമായി നീരവിന്‍റെ കമ്പനിയിലെ ജീവനക്കാരനായ വിപുലിനെ കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച് രണ്ടുമണിക്കൂറോളം സിബിഐ ചോദ്യം ചെയ്തു. പിഎന്‍ബി ജീവനക്കാരായ പത്ത് പേരെയും സിബിഐ ചോദ്യം ചെയ്തു. ഇതില്‍ ചിലര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്‌.  


ദക്ഷിണ മുംബൈയിലെ പിഎൻബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. മറ്റ്‌ ബാങ്ക്ശാഖകൾ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നിൽക്കുന്ന ബാങ്കുകൾ നൽകാറുള്ള 'ലെറ്റർസ് ഓഫ് അണ്ടർടേക്കിങ് (എൽഒയു)' ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ സമർപ്പിക്കാൻ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു. 


അതേസമയം, അറസ്റ്റിലായ പിഎൻബി മുൻഡിജിഎം ഗോകുൽനാഥ് ഷെട്ടി, നീരവ് മോദിയിൽനിന്ന് തട്ടിപ്പിന് പരോപകാരമായി പണം വാങ്ങിയതായും ബാങ്കിലെ പ്രധാനപ്പെട്ട രേഖകള്‍ ചോർത്തിനൽകിയതായും സമ്മതിച്ചിട്ടുണ്ട്.