ഡൽഹിയില്‍ 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു
ഡൽഹി കരോൾ ബാഗിലെ തക്ഷ് ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ തെരച്ചിലിൽ 3.25 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു.
ന്യൂഡൽഹി: ഡൽഹി കരോൾ ബാഗിലെ തക്ഷ് ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ തെരച്ചിലിൽ 3.25 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രഹസ്യവിവരത്തെ തുടർന്ന് ആദായനികുതി വകുപ്പും ക്രൈംബ്രാഞ്ച് വിഭാഗവും സംയുക്‌തമായാണ് റെയ്ഡ് നടത്തിയത് .
അതിവിദഗ്ദ്ധമായായിരുന്നു നോട്ടുകൾ പായ്ക്ക് ചെയ്തിരുന്നത്. വിമാനത്താവളങ്ങളിലെ സ്കാനറുകളിൽ നോട്ടുകൾ പതിയാതിരിക്കുന്നതിന് വേണ്ടി ടേപ്പുകളും വയറുകളും ഉപയോഗിച്ചായിരുന്നു പായ്ക്കിംഗ്. പിടിയിലായവരുടെ മൊബൈൽ ഫോൺ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ് .
രാജ്യവ്യാപകാമായി കള്ളപ്പണത്തിനെതിരെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും വിശ്രമമില്ലാതെ പരിശോധനകള്‍ നടത്തി വരികയാണ്.
ബംഗളുരുവില്‍ ഇന്ന് നടത്തിയ തിരച്ചലില്‍ 2.25 കോടി രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. 2000 രൂപയുടെയും 500 രൂപയുടെയും കറന്‍സിയാണ് കണ്ടെടുത്തത്. ഡല്‍ഹി, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു.