ന്യൂഡല്‍ഹി: മധ്യപ്രദേശിലും മിസോറമിലും നാളെയാണ് നിയമസഭാ തിരഞ്ഞെടുപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമം കുറിച്ചുകൊണ്ട് കലാശക്കൊട്ട് നടന്നു. എല്ലാ പാര്‍ട്ടികളും ആവുംവിധം തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ന് ഇരു സംസ്ഥാനങ്ങളിലും നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.


പോളിംഗ് ബൂത്തിലെത്തുംമുന്‍പ് ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലേയ്ക്ക് ഉറപ്പിക്കാനുള്ള എല്ലാ ശ്രമവും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. 


മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം നടന്നത്. അതേസമയം, അവസാനവട്ട പ്രചാരണം നടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. 


ഇത്തവണ വേറിട്ട രീതിയിലാണ്‌ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ പ്രചരണം നയിച്ചത്. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളില്‍ തന്‍റെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ തുറന്ന് കാട്ടാനായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രമിച്ചത്. 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപിയ്ക്ക് ഇത്തവണത്തെ ജയം തികച്ചും അനിവാര്യമാണ്. സംസ്ഥാനത്ത് 10 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. 


അതേസമയം, സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും വിമത ശല്യവും മുതലാക്കാന്‍ കടുത്ത പ്രചാരണം തന്നെ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണരംഗത്ത് സജീവമായിരുന്നു. 


പതിനഞ്ചു വര്‍ഷം നീണ്ട ഭരണം ഇനിയും തുടരാനുള്ള തന്ത്രങ്ങളുമായാണ് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയില്‍നിന്നും അധികാരം പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായാണ് കോണ്‍ഗ്രസ്‌. സംസ്ഥാനത്തെ 
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേയ്ക്കാണ് ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 


മിസോറാമില്‍ കോണ്‍ഗ്രസിന് ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മിസോറാമില്‍ ലാല്‍ തന്‍വാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഭരണവിരുദ്ധ വികാരം നേരിടുന്നത്. ബിജെപിയും എം.എന്‍.എഫുമാണ് എതിര്‍പക്ഷത്ത്. 40 മണ്ഡലങ്ങളിലേയ്ക്കാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 


മധ്യപ്രദേശിലും മിസോറമിലും ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും.