Poonch Terrorist Attack: പൂഞ്ച് ഭീകരാക്രമണത്തിൽ 12 പേർ കസ്റ്റഡിയിൽ; കശ്മീരിൽ അതീവ ജാഗ്രത
Terrorist Attack in Poonch: സൈനിക ട്രക്കിന് നേരെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഭീകരർ ഗ്രനേഡുകളും സ്റ്റിക്കി ബോംബുകളും ഉപയോഗിച്ചാണ് വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്തവരെ സുരക്ഷാ സേന ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സംഭവസ്ഥലത്ത് അഞ്ചോളം ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ്. സൈനിക ട്രക്കിന് നേരെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്നാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഭീകരർ ഗ്രനേഡുകളും സ്റ്റിക്കി ബോംബുകളും ഉപയോഗിച്ചാണ് വാഹനത്തിന് നേരെ ആക്രമണം നടത്തിയത്.
ഭീകരാക്രമണത്തെ തുടർന്ന്, ദേശീയ പാതയിൽ ഭീംബർ ഗലിക്കും ജറൻ വാലി ഗലിക്കും ഇടയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനഗതാഗതം തടസ്സപ്പെട്ടു. ആക്രമണം നടത്തിയവർ ഒരു വർഷത്തിലേറെയായി രജൗരിയിലും പൂഞ്ചിലും ഉണ്ടായിരുന്നുവെന്ന് കരുതുന്നതായും വളരെ സങ്കീർണമായ ഭൂപ്രദേശത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രോക്സി വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ALSO READ: Terrorist attack: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം
നിബിഡവനങ്ങളുള്ള ടോട്ട-ഗാലി-ബട്ട ഡോറിയ പ്രദേശം മുഴുവൻ നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എംഐ-ചോപ്പർ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുള്ള രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് വീരമൃത്യുവരിച്ചത്. നിയന്ത്രണ രേഖയിൽ കനത്ത ജാഗ്രത തുടരുകയാണ്. അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
കരസേനയുടെ ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സൈനിക വാഹനത്തിന് നേരെ ഭീകരർ ആദ്യം വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമായിരിക്കാം ട്രക്കിന് തീപിടിക്കാൻ കാരണമായതെന്ന് സൈന്യം അറിയിച്ചു. ആക്രമണമുണ്ടായ സമയത്ത് സൈനിക വാഹനത്തിൽ ആയുധങ്ങൾ കൂടാതെ ഡീസലും ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് തീ കൂടുതൽ ആളിക്കത്താൻ ഇടയാക്കിയത് എന്നും റിപ്പോർട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് മഴ പെയ്തിരുന്നുവെങ്കിലും ട്രക്കിന്‍റെ തീ നിയന്ത്രണ വിധേയമായില്ല. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ സഹായിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...