ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്ന സംഘടനയ്‌ക്കെതിരേ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെ  തുടര്‍ന്നാണ് നിരോധനമടക്കമുള്ള നടപടികള്‍ കൈക്കൊള്ളാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ  കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാമ്പില്‍ നിന്ന് എന്‍ഐഎ. വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബ് നിര്‍മാണം, ബെംഗളുരുവിലെ ആര്‍എസ്‍‍എസ് നേതാവ് രുദ്രേഷിന്‍റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അല്‍ഹിന്ദിയോടൊപ്പം ചേര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത സംഭവം എന്നിവ എന്‍‌ഐ‌എ റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.  ഈ കാരണങ്ങള്‍ കൊണ്ട് യുഎപിഎ പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകളുണ്ടെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാഴ്ചക്കാരായി നില്‍ക്കാനാവില്ലെന്നും ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


മഞ്ചേരിയിലെ സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പിഎഫ്‌ഐയുടെ സ്ഥാപനമാണ്. വനിതാ വിഭാഗത്തിന്‍റെ ദേശീയ അധ്യക്ഷയായ സൈനബ വൈക്കത്തെ അഖിലയുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  നിരോധിത മുസ്ലിം ഭീകര സംഘടനയായ സിമിയുടെ നേതാക്കളാണ് പിഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ പലരും. മുന്‍ ചെയര്‍മാന്‍ ഇ.എം. അബ്ദുറഹിമാന്‍, ദേശീയ വൈസ് ചെയര്‍മാന്‍ പി.കോയ,എസ്ഡിപിഐ പ്രസിഡണ്ട് ഇ. അബൂബക്കര്‍ തുടങ്ങിയവര്‍ സിമിയുടെ പ്രധാന ചുമതലകള്‍ വഹിച്ചവരാണ്. 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്‌ഐയുടെ ഏറ്റവും സ്വാധീനമേഖല കേരളവും,കര്‍ണാടകവും,തമിഴ്‌നാടുമാണ്. ബോംബു നിര്‍മ്മാണത്തിനും പ്രത്യേക സംഘമുണ്ട്. ആയുധപരിശീലനത്തിന് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ ആരോപണങ്ങൾ തള്ളിയ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശീയ എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം പി. കോയ അന്വേഷണത്തിനായി എന്‍ഐഎ തങ്ങളുടെ സംഘടനയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ 25 വർഷത്തിനിടെ 10 കേസുകൾ മാത്രമാണ് തങ്ങളുടെ പേരിലുള്ളതെന്നും കോയ പറയുന്നു.