ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുക എന്ന ലക്ഷ്യത്തോടെ എന്‍.ഡി.എയും അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ യുപിഎയും തിരക്കിട്ടപ്രചാരണത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ബിജെപിക്ക് ആശ്വാസവും കോൺഗ്രസിന് പ്രഹരവുമേകും വിധമാണ് അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍!!


കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍, 2014ല്‍ അലയടിച്ച മോദി തരംഗത്തിന്‍റെ പ്രഭാവം മങ്ങിയെന്ന സൂചനകള്‍ പുറത്തു വരുമ്പോഴും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ് ലോക്നീതി-സിഎസ്ഡിഎസ് സര്‍വേ ഫലം. 


ജനപ്രീതിയില്‍ ഇടിവ് വന്നുവെങ്കിലും അടുത്തിടെ നടന്ന ചില കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയെന്ന് സര്‍വേയില്‍ പറയുന്നു.


2018 അവസാനം വരെ ജനപ്രീതിയും വിശ്വാസത്തിലും ഏറെ പിന്നോട്ടായിരുന്നു മോദി സര്‍ക്കാര്‍. ഒപ്പം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കൈവിട്ട ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്!!


എന്നാല്‍ കാര്യങ്ങള്‍ വീണ്ടും കൈപിടിയിലാക്കാന്‍ ബിജെപിയ്ക്ക് അധികം താമസം വേണ്ടി വന്നില്ല എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. 


ബിജെപിയ്ക്കെതിരെ പ്രഹരിക്കാന്‍ കാത്തുവച്ചിരുന്ന നോട്ട് നിരോധനവും ജിഎസ്ടിയും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും കാർഷിക, തൊഴിൽ രംഗങ്ങളിലെ തകർച്ചകളും റാഫേൽ അടക്കമുള്ള അഴിമതികളുമെല്ലാം ബാലക്കോട്ട് തിരിച്ചടിയെന്ന ഒറ്റ സര്‍ജ്ജിക്കല്‍ സ്ട്രൈക്കിലൂടെ ബിജെപി സര്‍ക്കാര്‍ മറികടന്നു എന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്!! 


കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ തകര്‍ത്തത് ബാലക്കോട്ട് വ്യോമാക്രമണമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഒപ്പം, സവര്‍ണ്ണരിലെ പിന്നോക്കക്കാര്‍ക്ക് അനുവദിച്ച സംവരണം കാര്യങ്ങള്‍ വീണ്ടും മാറ്റി മറിച്ചു. സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച  കിസാന്‍ സ്കീ൦ സര്‍ക്കാരിനുള്ള കര്‍ഷകരുടെ പിന്തുണ ഉയര്‍ത്താന്‍ കാരണമായെന്നും സൂചിപ്പിക്കുന്നു.