ബംഗളൂരൂ: പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തന്‍റെ കരണത്തേറ്റ പ്രഹരമാണെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു പ്രകാശ് രാജ്. തനിക്കേറ്റ പരാജയത്തെപ്പറ്റി ട്വീറ്റിലൂടെ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 


കൂടുതൽ അധിക്ഷേപങ്ങളും, ട്രോളുകളും ഇനി നേരിടേണ്ടി വരുമെന്നറിയാം എങ്കിലും തന്‍റെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.  


ഇന്ത്യ ഒരു മതേതര രാഷ്ട്രമാക്കി നിലനിർത്തുന്നതിനായുള്ള തന്‍റെ പോരാട്ടങ്ങൾ ഈ ഒരു തോൽവിയോടെ അവസാനിക്കുന്നില്ല എന്നും പോരാട്ടങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 



ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അദ്ദേഹം നന്ദിപൂർവം തന്‍റെ ട്വീറ്റിൽ സ്മരിച്ചു. 


വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. കോൺഗ്രസിന്‍റെ റിസ്‌വാൻ അർഷാദാണ് നിലവിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.


ബിജെപിയുടെ സിറ്റിംഗ് എംപി പിസി മോഹനെ പിന്നിലാക്കിയാണ് റിസ്വാന്‍ മുന്നേറുന്നത്. 12,000 വോട്ടുകള്‍ മാത്രമാണ് നിലവില്‍ പ്രകാശ് രാജിന് നേടാനായത്.


ബി.ജെ.പിയുടെ കടുത്ത വിമർശകനായ പ്രകാശ് രാജ് ചില സ്വതന്ത്ര സ്ഥാനാർഥികൾക്കായി പ്രചാരണ രംഗത്തും സജീവമായിരുന്നു.