ബംഗളുരു: സാമൂഹ്യപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തെ നായയെ കൊന്നതിനോട് ഉപമിച്ച് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകത്തില്‍ ഏതെങ്കിലും നായ ചത്താല്‍ പ്രധാനമന്ത്രി മോദി ഉത്തരവാദിയാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുത്തലിക് വിവാദ പരാമര്‍ശം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ ശ്രീരാമ സേനക്ക് പങ്കില്ലെന്ന് മുത്തലിക് പറഞ്ഞു. ഹിന്ദു സംഘടനകള്‍ ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എല്ലാവരും പറയുന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു എന്നിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പരാജയത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ല. അതിനുശേഷം ഇപ്പോള്‍ ഗൗരി ലങ്കെഷിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി മോദി എന്തുകൊണ്ട് മൗനംപാലിക്കുന്നു എന്നാണ് എല്ലാവരുടെയും ചോദ്യം.മോദി എന്തിനു പ്രതികരിക്കണമെന്നും കര്‍ണാടകത്തില്‍ ഏതെങ്കിലും നായ കൊല്ലപ്പെട്ടാല്‍ മോദി എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.


ഗൗരി ലങ്കേഷുമായി ആശയപരമായ എതിര്‍പ്പ് തങ്ങള്‍ക്കുണ്ടായിരുന്നെന്നും എന്നാല്‍, അതിന്‍റെ പേരില്‍ അവരെ വധിക്കാന്‍ തങ്ങള്‍ തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലികിന്‍റെ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന്, പിന്നീട് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. താന്‍ ആരെയെങ്കിലും കുറിച്ച് നേരിട്ടുള്ള താരതമ്യം നടത്തിയിട്ടില്ലെന്ന് മുത്തലിക് പറഞ്ഞു. 


ശ്രീരാമസേനയുടെ വിജയപുര ജില്ലാ പ്രസിഡന്റ് രാകേഷ് മാത് എന്നയാളെ ഗൗരി ലങ്കേഷിന്‍റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. കേസില്‍ പ്രധാന പ്രതിയായ പരശുറാം വാഗ്മര്‍ ശ്രീരാമസേനാംഗമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് പ്രമോദ് മുത്തലിക് വിവാദ പ്രസംഗം നടത്തിയത്.