പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് തടയാന്‍ അടിയന്തരനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അടിയന്തരനടപടികള്‍ കൈകൊള്ളാന്‍ തീരുമാനമായത്.  ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഭക്ഷ്യസുരക്ഷാ മന്ത്രി രാം വിലാസ് പസ്വാന്‍, കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്, വാണിജ്യ മന്ത്രി നിര്‍മല സീതാറാം, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ തക്കാളിയുടെ വില 100 രൂപ വരെ എത്തിയിരുന്നു. കൂടാതെ പഴവര്‍ഗങ്ങള്‍ ഇറച്ചി, മീന്‍, മുട്ട, എണ്ണ, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.


പയര്‍ പരിപ്പ് വര്‍ഗങ്ങളുടെ ഇറക്കുമതി കൂട്ടുന്നതിനൊപ്പം വിപണിവില പിടിച്ചുനിര്‍ത്താന്‍ കതുതല്‍ ശേഖരത്തില്‍ നിന്ന് പതിനായിരം ടണ്‍ വിതരണത്തിനായി എത്തിക്കും. മഴ കൃത്യമായി ലഭിക്കാതിരുന്നത് മൂലമുള്ള വിളനാശമാണ് അവശ്യ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ കുറവു വരുത്തുകയും വിലകയറ്റത്തിന് കാരണമാവുകയും ചെയ്തതെന്ന് യോഗം വിലയിരുത്തി. പയര്‍ പരിപ്പ് വര്‍ഗങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷനാകും ഇതിന്‍റെ ചുമതല. 


അതേസമയം എല്ലാക്കാലത്തും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ പച്ചക്കറികളുടെ വിലകൂടുന്നത് പതിവാണെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടു. ഈ മാസങ്ങളില്‍ തക്കാളിക്കും ഉരുളക്കിഴങ്ങിനും വിലവര്‍ദ്ധിക്കുന്നത് സ്വാഭാവികമാണെന്ന് തക്കാളിയുടെ വിലവര്‍ദ്ധനയെ കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.