ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തിയത്. കെ. സി. വേണുഗോപാല്‍, എ. കെ. ആന്‍റണി, പി. എല്‍. പുനിയ, അഹമ്മദ് പട്ടേല്‍ തുടങ്ങി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യാ ഗേറ്റില്‍ രണ്ടു മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.


ഇന്ത്യാ ഗേറ്റിനു സമീപമാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തത്.


'രാജ്യത്തിന്‍റെ അന്തരീക്ഷം വളരെ മോശമാണ്. വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നതിന് പോലീസ് സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു. സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി നമുക്ക് പോരാടിയേ പറ്റൂ', സമരത്തില്‍ പങ്കെടുത്തു പ്രിയങ്ക ഗാന്ധി പറഞ്ഞു. 


ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ, അലിഗഢ്​ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെയാണ് പോലീസ് ക്യാംമ്പസില്‍ കയറി മര്‍ദ്ദിച്ചതും കേസെടുത്തതും. അതേസമയം, പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമെങ്ങും അരങ്ങേറുന്നത്.


ജാമിയയില്‍ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ വിവിധ ക്യാംമ്പസുകളില്‍ പ്രതിഷേധം അലയടിക്കുകയാണ്. അലിഗഢ്, ബനാറസ്, കൊല്‍ക്കത്ത, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിരിക്കുന്നത്. 300ഓളം കോണ്‍ഗ്രസുകാരാണ് ഇന്ത്യാഗേറ്റില്‍ സമരം നടത്തിയത്.