ചണ്ഢീഗഡ്: സംസ്ഥാനത്തെ എല്ലാ സർക്കാര്‍ ഉദ്യോഗസ്ഥർക്കും വാർഷിക മയക്കുമരുന്ന് ഉപയോഗ പരിശോധന നിർബന്ധമാക്കി പഞ്ചാബ് സർക്കാരിന്‍റെ ഉത്തരവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്യുമെന്നും സൂചിപ്പിച്ചു.


വാർഷിക മെഡിക്കൽ ചെക്കപ്പിന് പുറമേ മയക്കുമരുന്നുപയോഗം നടക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധനയും നടക്കുംത്തും. ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ സമയത്തും പരിശോധനയുണ്ടാകും.


സംസ്ഥാനത്ത് മയക്കുമരുന്നുപയോഗം വലിയ തോതിൽ കൂടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതു മൂലം നിരവധി മരണങ്ങൾ സംസ്ഥാനത്തുണ്ടായതും ഒരു കാരണമാണ്.


പൊലീസ് വേണ്ടവിധം പ്രവർത്തിക്കാത്തതിനാലാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് തിങ്കളാഴ്ച കൂടിയ ക്യാബിനറ്റ് മീറ്റില്‍ അഭിപ്രായമുയർന്നിരുന്നു. ഡിഎസ്പി മുതല്‍ ഇൻസ്പെക്ടർ ജനറൽ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും മയക്കുമരുന്നുപയോഗ പരിശോധന നടത്തുമെന്ന് മന്ത്രിമാരിലൊരാളായ ത്രിപത് സിങ് ബജ്‌വ അറിയിച്ചു. നിരവധി പൊലീസുദ്യോഗസ്ഥർ മയക്കുമരുന്നിന് അടിമകളാണന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.


മയക്കുമരുന്നുപയോഗ പരിശോധന സംബന്ധിച്ച് താൻ ആവശ്യമുന്നയിച്ച ഉടനെ മുഖ്യമന്ത്രി അത് നടപ്പാക്കിയതായി ബജ്‍വ പറഞ്ഞു. പരിശോധനകളുടെ തുടക്കമെന്ന നിലയിൽ താൻ തന്നെ ആദ്യപരിശോധനയ്ക്ക് വിധേയമാകുമെന്നും ആരെയും അനാവശ്യമായി ലക്ഷ്യം വെക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.